മുംബൈ- രണ്ട് മണിക്കൂര്‍ സമയം മൂര്‍ഖന്‍ പാമ്പ് കഴുത്തില്‍ ചുറ്റിവരിഞ്ഞിട്ടും പാമ്പിന്റെ കടിയേറ്റിട്ടും ആറു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നാലു ദിവസം മുമ്പാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലിക ബുധനാഴ്ച അപകട നിലതരണം ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചിച്ചിരുന്നു.
വീട്ടിനകത്ത് കിടപ്പുമുറിയില്‍ പൂര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് പത്തി വിടര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. പാമ്പു പിടുത്തക്കാരന്‍ എത്തുന്നതുവരെ അനങ്ങാതെ കിടക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതു പ്രകാരം കുട്ടി പാമ്പിനെ പ്രകോപിപ്പിക്കാതെ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇങ്ങനെ രണ്ടു മണിക്കൂറോളമാണ് കുട്ടി കഴിഞ്ഞത്. ഒടുവില്‍ പാമ്പ് ഒഴിഞ്ഞു പോകാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഒന്നിളകിയപ്പോള്‍ കയ്യില്‍ കൊത്തുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.