Sorry, you need to enable JavaScript to visit this website.

നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്താതെ സൗദിയില്‍ നിരവിധ ബഖാലകള്‍, നടപടികള്‍ക്ക് സാധ്യത

റിയാദ് - വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് പദവികൾ ശരിയാക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അനുവദിച്ച ഒന്നും രണ്ടം ഘട്ടം സാവകാശങ്ങൾ അവസാനിച്ചെങ്കിലും നിരവധി ബഖാലകളും മിനിമാർക്കറ്റുകളും ഇപ്പോഴും പദവികൾ ശരിയാക്കാതെ പ്രവർത്തനം തുടരുന്നു. 
ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ, കാലാവധിയുള്ള ലൈസൻസ്, മുഴുവൻ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തൽ, നിരീക്ഷണ ക്യാമറകൾ ഏർപ്പെടുത്തൽ, മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റുണ്ടായിരിക്കൽ എന്നീ വ്യവസ്ഥകൾ പാലിക്കാനാണ് ബഖാലകൾക്കും മിനിമാർക്കറ്റുകൾക്കും ആദ്യ ഘട്ടത്തിൽ സാവകാശം അനുവദിച്ചത്. ആദ്യ ഘട്ട സാവകാശം 2020 നവംബർ 22 ന് അവസാനിച്ചിരുന്നു. ഇലക്‌ട്രോണിക് ഇൻവോയ്‌സ് സംവിധാനം, നെയിം ബോർഡ് മാനദണ്ഡങ്ങൾ, മുൻവശം പൂർണമായും സുതാര്യമായിരിക്കൽ, ഉൾവശം കാണാൻ കഴിയുന്ന തരത്തിലുള്ള വലിച്ചു തുറക്കാവുന്ന ഡോർ, സ്ഥാപനത്തിനകത്തു മുഴുവൻ വെളിച്ച സംവിധാനം, നിലവും മേൽക്കൂരയും ചുമരുകളും റാക്കുകളും സംഭരണ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കൽ, ശീതീകരണ, ഫ്രോസൻ യൂനിറ്റുകളും സമീപ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കൽ, റാക്കുകൾക്കിടയിൽ മിനിമം അകലം പാലിക്കൽ, ശുചീകരണ പദാർഥങ്ങളും വസ്തുക്കളും ഭക്ഷ്യവസ്തുക്കളിൽ നിന്ന് അകലെ സൂക്ഷിക്കൽ, നീക്കം ചെയ്യാവുന്ന അഗ്നിശമന സിലിണ്ടറുകൾ, ഫസ്റ്റ് എയിഡ് ബോക്‌സ് സ്ഥാപിക്കൽ എന്നീ വ്യവസ്ഥകളാണ് രണ്ടാം ഘട്ടത്തിൽ പാലിക്കേണ്ടിയിരുന്നത്. 
രണ്ടാം ഘട്ട വ്യവസ്ഥകൾ പാലിക്കുന്നതിന് അനുവദിച്ച സാവകാശം 2021 ജൂൺ 29 നും അവസാനിച്ചു. എന്നാൽ മന്ത്രാലയം പരിഷ്‌കരിച്ച വ്യവസ്ഥകൾ പാലിക്കാതെ നിരവധി ബഖാലകളും മിനി മാർക്കറ്റുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ശുചീകരണ വ്യവസ്ഥകൾ അടക്കം അടിസ്ഥാന വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇക്കൂട്ടത്തിൽ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 
ബഖാലകളുടെയും മിനി മാർക്കറ്റുകളുടെയും ബോർഡിൽ സ്ഥാപനത്തിന്റെ പേരും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും രേഖപ്പെടുത്തൽ നിർബന്ധമാണ്. സ്ഥാപനങ്ങൾക്കുള്ളിൽ നടവഴികൾക്ക് 80 സെന്റിമീറ്ററിൽ കുറയാത്ത വീതിയുണ്ടാകണം. റാക്കുകൾ ലോഹമോ ചില്ലോ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം. ഉൽപന്നങ്ങൾ നിലത്ത് സ്ഥാപിക്കുന്നതിന് വിലക്കുണ്ട്. കാഷ് മെഷീൻ കംപ്യൂട്ടറുമായും ബാർകോഡ് റീഡറുമായും ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനവുമായും ബന്ധിപ്പിച്ചതാകണം. ലൈസൻസുകൾ എളുപ്പത്തിൽ കാണുന്ന നിലക്ക് പ്രദർശിപ്പിക്കണമെന്നും സ്ഥാപനങ്ങൾക്കകത്തെ നടവഴികളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയണമെന്നും വ്യവസ്ഥകളുണ്ട്.
 

Latest News