ശ്രീനഗര്‍- സേന നടത്തിയ വെടിവെപ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ താഴ്‌വര നിശ്ചലായി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടുന്നു. ജനജീവിതം പാടേ സ്തംഭിച്ചു. സംഘര്‍ഷം വ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യവും പോലീസും അര്‍ധസേനാ വിഭാഗങ്ങളും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും മിക്ക സ്ഥലങ്ങളിലും പട്രോളിംഗ് നടത്തി. കശ്മീരിലെ പ്രധാന പട്ടണമായ ശ്രീനഗറിന്റെ പല ഭാഗങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
തെക്കന്‍ ഷോപിയാനില്‍ കല്ലെറിയുകയായിരുന്നവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനു പുറമെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു ഓഫീസറെ കൊലപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയംരക്ഷക്കായാണ് വെടിവെച്ചതെന്നും നാല് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നുവെന്നും സൈന്യം അവകാശപ്പെടുന്നു.
ബന്ദാഹ്വാനം കണക്കിലെടുത്ത് താഴ്‌വരയുടെ തെക്കന്‍ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ വിഛേദിച്ച അധികൃതര്‍ മറ്റു ഭാഗങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറച്ചിരുന്നു. ജനങ്ങള്‍ സംഘടിക്കുന്നതും ഇന്ത്യാ വിരുദ്ധ പ്രകടനങ്ങള്‍ നടത്താതിരിക്കുന്നതിനും താഴ്‌വരയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇന്റര്‍നെറ്റ് വിഛേദിക്കുക സാധാരണമാണ്.
സൈനികര്‍ ഗ്രാമത്തിലെത്തി ഈയിടെ കൊല്ലപ്പെട്ട തീവ്രവാദികളെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ശനിയാഴ്ച സംഘര്‍ഷത്തിനു തുടക്കമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. പോസ്റ്ററുകള്‍ നശപ്പിക്കുന്നതില്‍നിന്ന് സൈനികരെ തടഞ്ഞവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതോടെയാണ് സൈനികര്‍ നിറയൊഴിച്ചതെന്നും അവര്‍ പറയുന്നു.
വെടിവെപ്പിനെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടവിച്ചിട്ടുണ്ട്. ബുധനാഴ്ച ഒരു കൗമാരക്കാരനടക്കം മൂന്ന് പേരെ സൈന്യം കൊലപ്പെടുത്തിയതില്‍ പ്രതിഷേധം തുടരുന്നതിനിടെ ആയിരുന്നു ശനിയാഴ്ചത്തെ വെടിവെപ്പ്. ബുധനാഴ്ച കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്ന ഷോപിയാന്‍ സ്വദേശിയാണ്.