Sorry, you need to enable JavaScript to visit this website.

കാബൂള്‍ സ്‌ഫോടനത്തില്‍ മരണം 103; നാല് പേര്‍ പിടിയില്‍

കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനത്ത് ശനിയാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയി. പരിക്കേറ്റ 235 പേര്‍ ആശുപത്രികളിലാണെന്ന് ആഭ്യന്തര മന്ത്രി വാഇസ് അഹ്്മദ് ബര്‍മക് പറഞ്ഞു. ആശുപത്രികള്‍ക്കും മോര്‍ച്ചറികള്‍ക്കും പുറത്ത് പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ തേടി ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഖബറടക്ക ചടങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന്  ഫോറന്‍സിക് വിഭാഗം ശ്രമം തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജേനയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് ചെക്ക് പോയന്റ് കടത്തിയത്. നഗര ഹൃദയത്തില്‍ ഡസന്‍ കണക്കിനു കടകളും വാഹനങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് തകര്‍ന്നത്. രണ്ട് ആംബുലസന്‍സുകളാണ് വന്നിരുന്നതെന്നും ഒന്നില്‍ അക്രമികള്‍ രക്ഷപ്പെട്ടുവെന്നുമാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
താലിബാന്‍ ഉത്തരവാദിത്തമേറ്റെടുത്ത ആക്രമണം അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. 2014 അവസാനത്തില്‍ യു.എസ്, നാറ്റോ സേനകള്‍ ഔദ്യോഗികമായി യുദ്ധം അവസാനിപ്പിച്ച ശേഷം താലിബാനുമായി പിടിച്ചുനില്‍ക്കാന്‍ അഫ്ഗാന്‍ സുരക്ഷാ സേനകള്‍ പൊരുതുകയാണ്.
നിരവധി വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന, അതീവ സുരക്ഷയുള്ള പ്രദേശത്താണ് ശനിയാഴ്ച താലിബാന്‍ ഭീകരര്‍ക്ക് ചാവേര്‍ ആക്രമണം നടത്താന്‍ സാധിച്ചത്. താലിബാനും മറ്റു ഗ്രൂപ്പുകളുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് നിയോഗിക്കപ്പെട്ട സമാധാന സമിതിയുടെ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയ ഓഫീസുകളും ഇവിടെ തന്നെയാണ്.
നിരവധി വ്യാപാരികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് സ്‌ഫോടനത്തില്‍ രക്ഷപ്പെട്ട വ്യാപാരി അഹമ്മദ് ഫഹീം പറഞ്ഞു. കാലും കൈയും നഷ്ടമായ പല വ്യാപാരികളേയും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഇന്നലെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. പതാകകള്‍ പകുതി താഴ്ത്തിയിരുന്നു.
ആഡംബര ഹോട്ടല്‍ ആക്രമിച്ച് 14 വിദേശികളടക്കം 22 പേരെ കൊലപ്പെടുത്തിയ താലിബാന്‍ ആക്രമണം നടന്ന് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും തീവ്രവാദികള്‍ കനത്ത ആഘാതമേല്‍പിച്ചത്.  വന്‍ സ്‌ഫോടനം നഗരം മുഴുവന്‍ പൊടിപടലങ്ങളും പുകയും ഉയര്‍ത്തിയിരുന്നു. ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ 13 മണിക്കൂര്‍ നീണ്ട വെടിവെപ്പുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അഫ്ഗാന്‍ ഇന്റലിജന്‍സ് സര്‍വീസ് മാസൂം പറഞ്ഞു.

 

Latest News