മദീന - ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം മക്കയിൽ വിശുദ്ധ ഹറമിലും മദീനയിൽ പ്രവാചക മസ്ജിദിലും സംസം വിതരണ ജാറുകൾ പുനഃസ്ഥാപിച്ചു. മുൻകരുതൽ നടപടികൾ പാലിച്ച് വിശ്വാസികൾക്കും സന്ദർശകർക്കും എളുപ്പത്തിൽ സംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസം ജാറുകൾ പുനഃസ്ഥാപിച്ചത്. ഇതോടൊപ്പം ഇരു ഹറമുകളിലും സംസം വിതരണ ടാപ്പുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ച സൗദി പൗരന്മാരുടെയും വിദേശികളുടെയും അനുപാതം ഉയർന്നതുമായും, മുൻകാലങ്ങളിൽ ഇരു ഹറമുകളിലും എത്തിയ വിശ്വാസികളും തീർഥാടകരും പ്രദർശിപ്പിച്ച ഉയർന്ന അവബോധവുമായും ഒത്തുപോകുന്ന നിലക്കാണ് ഹറമിലും മസ്ജിദുന്നബവിയിലും സംസം ജാറുകളും ടാപ്പുകളും പുനഃസ്ഥാപിച്ചതെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. തീർഥാടകരുടെയും വിശ്വാസികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പു വരുത്തുന്ന മുഴുവൻ മുൻകരുതൽ നടപടികളും സ്വീകരിക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന നിലക്ക് സേവനങ്ങൾ നൽകാൻ ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ വിഭാഗങ്ങൾ പൂർണ സുസജ്ജമാണെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു.
കൊറോണ മഹാമാരി വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി വിശുദ്ധ ഹറമിൽ നിന്നും മസ്ജിദുന്നബവിയിൽ നിന്നും സംസം ജാറുകൾ നീക്കം ചെയ്യുകയായിരുന്നു. ഇരു ഹറമുകളിലെയും സംസം വിതരണ ടാപ്പുകളും അടച്ചിരുന്നു. പകരം ബോട്ടിലുകളിലാക്കിയാണ് വിശ്വാസികൾക്കിടയിൽ സംസം വെള്ളം വിതരണം ചെയ്തിരുന്നത്. സംസം ബോട്ടിൽ വിതരണത്തിന് റോബോട്ടുകൾ അടക്കമുള്ള നൂതന സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു. വിശുദ്ധ ഹറമിൽ നിന്നും മസ്ജിദുന്നബവിയിൽ നിന്നും മുസ്ഹഫുകളും കാർപറ്റുകളും ഇതേപോലെ എടുത്തുമാറ്റിയിരുന്നു. കർശന നിയന്ത്രണങ്ങളുടെ ഫലമായി കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതോടെ ഹറമുകളിൽ അടുത്തിടെ മുസ്ഹഫുകളും പുനഃസ്ഥാപിച്ചിരുന്നു.
അതേസമയം, മസ്ജിദുന്നബവിയിൽ നമസ്കാരങ്ങൾ നിർവഹിക്കാൻ 'ഇഅ്തമർനാ' ആപ് വഴി പെർമിറ്റ് നേടേണ്ടതില്ലെന്നും മുൻകൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റ് നേടേണ്ട ആവശ്യമില്ലെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. മസ്ജിദുന്നബവിയിൽ പ്രവേശിക്കാൻ 'തവക്കൽനാ' ആപ് പ്രദർശിപ്പിക്കണം. ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർ, ഒരു ഡോസ് സ്വീകരിച്ച് പതിനാലു ദിവസം പൂർത്തിയാക്കിയവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ആയിരിക്കണം.
മസ്ജിദുന്നബവിയിൽ നിർബന്ധ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റുകൾ നേടേണ്ടതില്ല. എന്നാൽ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനും 'ഇഅ്തമർനാ' ആപപ്പ് വഴി പെർമിറ്റ് നേടണം. ലഭ്യമായ സമയങ്ങൾക്കനുസരിച്ച് ബുക്കിംഗ് നടത്താൻ സാധിക്കുന്നതിന് 'ഇഅ്തമർനാ' ആപ് നിരന്തരം നിരീക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.