ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാന്‍ വംശജനായ ഇന്ത്യക്കാരന്‍ ബന്‍സരി ലാല്‍ അരെന്ദെ(50)യെ കാബൂളില്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതായി ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് അറിയിച്ചു. ഈ സംഭവം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാബൂളിലെ തന്റെ കടയുടെ പരിസരത്തു നിന്നാണ് ബന്‍സരി ലാലിനെ ഇന്നലെ രാവിലെ എട്ടു മണിയോടെ തട്ടിക്കൊണ്ടു പോയതെന്നാണ് അഫ്ഗാനിലെ ഹിന്ദു-സിഖ് സമുദായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. മരുന്നു വില്‍പ്പന സ്ഥാപനം നടത്തുന്നയാളാണ് ബന്‍സരി ലാല്‍. ജീവനക്കാരേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടുവെന്നാണ് റിപോര്‍ട്ട്. സുഹൃത്തുക്കള്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പറപ്പെടുന്നു. ബന്‍സരി ലാലിന്റെ കുടുംബം ദല്‍ഹി എന്‍സിആറിലാണ് കഴിയുന്നത്.