Sorry, you need to enable JavaScript to visit this website.

ഫാസിസത്തിനെതിരെ ജനമുന്നേറ്റമുണ്ടാകണം -എം.ഐ അബ്ദുൽ അസീസ്

സോളിഡാരിറ്റി കാമ്പയിൻ സമാപന സമ്മേളനം എം.ഐ അബ്ദുൽ അസീസ്  ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്- ഫാസിസത്തിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. 
സോളിഡാരിറ്റി സംഘടിപ്പിച്ച 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലക്കെട്ടിലുള്ള കാമ്പയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെയും കോടതികളടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും അപ്രസക്തമാക്കുന്ന നിലപാടുകളാണ് സംഘ്പരിവാർ സർക്കാർ നടപ്പാക്കുന്നത്. ഇതിനെതിരെ ഇന്ന് വിവിധ ശബ്ദങ്ങൾ ഉയർന്ന് വരുന്നത് വലിയ പ്രതീക്ഷയാണ്. അവസാനം രാജ്യത്തെ പരമോന്നത കോടതിയിലെ തലമുതിർന്ന ജഡ്ജിമാർ തന്നെ രംഗത്തുവരികയുണ്ടായി. 
രാജ്യത്തോടും ജനതയോടുമുള്ള കടമ ഇനിയും അരുതായ്മകളെ മറച്ചുവെക്കാൻ അനുവദിക്കുന്നില്ലെന്നാണ് അവർ വിളിച്ച് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുളള ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിലേക്കുള്ള തുടക്കമാകട്ടെ ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. 
 

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. 

ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ മുഖ്യതിഥിയായിരുന്നു. രാജസ്ഥാനിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ബംഗാൾ സ്വദേശി അഫ്രസുൽ ഖാന്റെ മകൾ ജോഷ്‌നാര ഖാത്തൂൻ, അഫ്രസുൽ ഖാന്റെ സഹോദരൻ ശൈഖ് ബബ്ലു എന്നിവർ സമ്മേളനത്തിൽ അതിഥികളായിരുന്നു. തങ്ങളുടെ കുടുംബം ഫാസിസത്തിന്റെ ക്രൂരതകൾക്ക് നേരിട്ട് ഇരകളാവുകയായിരുന്നു. ദുഃഖിച്ചിരിക്കാതെ അതിനെതിരെ പ്രതിരോധങ്ങൾ സൃഷ്ടിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതിന്റെ ഭാഗമായാണ് ഇത്രയും ദൂരംതാണ്ടി ഞങ്ങളിവിടെയെത്തിയതെന്നും ജോഷ്‌നാര പറഞ്ഞു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർഥി നേതാവ് ദൊന്ത പ്രശാന്ത്, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി മുജീബ്‌റഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ റഹ്മത്തുന്നിസ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് എന്നിവർ സമ്മേളനത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സമദ് കുന്നക്കാവ്, എസ്.എം സൈനുദ്ദീൻ എന്നിവർ സമ്മേളന പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ.സി അൻവർ നന്ദിയും പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ നാടകം 'മരണമാച്ച്' കൾട്ട് നാടകസംഘം അവതരിപ്പിച്ചു. 
പൊതുസമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത യുവജനറാലി സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ പി.എം സാലിഹ്, ഉമർ ആലത്തൂർ, സമദ് കുന്നക്കാവ്, എസ്.എം സൈനുദ്ദീൻ, നൗഷാദ് സി.എ, ഡോ. വി.എം സാഫിർ, ഫാവാസ് ടി.ജെ, മിയാൻ ദാദ്, ടി ശാക്കിർ, ഷെഹിൻ കെ മൊയ്തുണ്ണി, മുഹ്‌സിൻ ഖാൻ, ഹമീദ് സാലിം, സമീർ കാളികാവ്, കെ.സി അൻവർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. 

 

 

Latest News