ന്യൂദല്‍ഹി- കോവിഡിന്റെ അടുത്ത തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന നിഗമനങ്ങള്‍ക്കിടെ, കുട്ടികള്‍ക്കിടയില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍തന്നെ വൈറസ് ബാധ വര്‍ധിച്ചുവരികയാണെന്ന് വിദഗ്ധ സംഘം.
രാജ്യത്തെ കോവിഡ് നിയന്ത്രണ പദ്ധതിയും മെഡിക്കല്‍ സൗകര്യങ്ങളും കൈകാര്യം ചെയ്യുന്ന എംപവേഡ് ഗ്രൂപ്പ്-1 ആണ് ലഭ്യമായ ഡാറ്റകള്‍ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ആക്ടീവ് കേസുകളില്‍ പത്ത് വയസ്സിനു താഴെയുള്ള കുട്ടികളില്‍ രോഗബാധ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്.
മൊത്തം ആക്ടീവ് കേസുകളില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ 2.80 ശതമാനമായിരുന്നുവെങ്കില്‍ ഓഗസ്റ്റില്‍ അത് 7.04 ശതമാനമായാണ് വര്‍ധിച്ചത്. 100 ആക്ടീവ് കേസുകളില്‍ ഏഴെണ്ണം കുട്ടികളാണെന്നാണ് ഈ ഡാറ്റ വ്യക്തമാക്കുന്നത്.
ഈ കണക്കിനെ നാടകീയ വര്‍ധനയായി കാണാന്‍ കഴിയില്ലെന്നും പ്രായപൂര്‍ത്തിയായവരില്‍ കോവിഡ് ബാധ കുറഞ്ഞതാണ് കാരണമെന്നും ഇ.ജി-ഒന്നിനു നേതൃത്വം നല്‍കുന്ന നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു.
2020 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെ മൊത്തം ആക്ടീവ് കേസുകളുടെ 2.72 ശതമാനത്തിനും 3.59 ശതമാനത്തിനും ഇടയിലായിരുന്നു 1-10 പ്രായക്കാരായ കുട്ടികള്‍. 18 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഡാറ്റയാണ് ലഭ്യമായത്. ഓഗസ്റ്റില്‍ ആക്ടീവ് കേസുകളില്‍ മിസോറാമിലാണ് കുട്ടികള്‍ കൂടുതല്‍ (16.48 ശതമാനം). ദല്‍ഹിയിലാണ് ഏറ്റവും കുറവ് (2.25 ശതമാനം).
മൂന്നാം തരംഗം ഇന്ത്യയെ ഒഴിവാക്കില്ലെന്നും കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്നും വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.