മുംബൈ- അമ്മായിഅമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈ വിലേയിലാണ് നാടിനെ നടുക്കിയ കൃത്യം നടന്നത്. തലയ്ക്ക് അടിച്ചും കുത്തിയും അമ്മായിഅമ്മയെ കൊലപ്പെടുത്തിയ മരുമകന്‍ ഇവരുടെ സ്വകാര്യഭാഗത്ത് മുള കയറ്റുകയും ചെയ്തെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായ പ്രതിയെ സെപ്റ്റംബര്‍ 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 'തലയില്‍ ടൈല്‍ കൊണ്ട് അടിച്ചതിനു ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നീട് സ്വകാര്യഭാഗത്ത് മുള കുത്തിക്കയറ്റി ആന്തരികാവയവങ്ങള്‍ തകര്‍ത്തു. ഇയാള്‍ക്കെതിരെ ഐപിസി 377 ചുമത്തിയിട്ടുണ്ട്' പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീ മകള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്ന മുംബൈയിലെ വിലേ പാര്‍ലേ ഈസ്റ്റിലാണ് കൃത്യം നടന്നത്. മാലപൊട്ടിക്കല്‍ കേസില്‍ ജയിലിലായിരുന്ന പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് പുറത്തിറങ്ങുന്നത്. ജയിലില്‍ നിന്ന് വന്നതിന് പിന്നാലെ ഭാര്യയെ കാണാന്‍ പോയപ്പോള്‍ അവള്‍ മറ്റൊരാളെ വിവാഹം കഴിച്ചെന്നും ഗര്‍ഭിണിയാണെന്നും അറിഞ്ഞു.
ഭാര്യയോട് ഇപ്പോഴത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് ഭാര്യയെ കാണാന്‍ വീണ്ടും അവിടേക്ക് പോയെങ്കിലും ഇവരെ കാണാന്‍ കഴിഞ്ഞില്ല. ഇയാള്‍ എത്തുന്നതിന് മുന്‍പ് തന്നെ അവര്‍ സ്ഥലത്ത് നിന്ന് പോയിരുന്നു. തുടര്‍ന്ന് ഭാര്യ നിലവില്‍ കഴിയുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ തേടിയാണ് ഇയാള്‍ ഭാര്യാ മാതാവിനെ സമീപിച്ചത്.
വിവരം തിരക്കിയെങ്കിലും മകളും പുതിയ ഭര്‍ത്താവും എവിടെയാണെന്നത് സംബന്ധിച്ച് ഒരുവിവരവും ഇവര്‍ കൈമാറിയില്ല. അഡ്രസ് ലഭിക്കാത്തതില്‍ പ്രകോപിതനായാണ് പ്രതി അമ്മായിഅമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി തവണ ഇയാള്‍ ഭാര്യാ മാതാവിനെ കുത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞ് പൂനെയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.