അയോധ്യ- അടുത്ത വര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം അയോധ്യയില്‍ രാമക്ഷേത്ര സന്ദര്‍ശനത്തോടെ ആരംഭിച്ചു. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരാണ് പ്രാര്‍ത്ഥനകളോടെ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഹനുമാന്‍ഗഢി ക്ഷേത്രത്തിലും നേതാക്കള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ആം ആദ്മി പാര്‍ട്ടി യുപിയില്‍ നടത്തുന്ന തിരംഗ യാത്രയ്ക്ക് ഇരുവരും നേതൃത്വം നല്‍കും. ഫൈസാബാദിലെ നവാബ് ശുജാഉദ്ദൗല സ്മൃതി മണ്ഡപത്തില്‍ നിന്ന് തുടങ്ങുന്ന യാത്ര ഗാന്ധി പാര്‍ക്കില്‍ അവസാനിക്കും.
യുപിയില്‍ രാമ രാജ്യം സ്ഥാപിക്കാനായി ഞാന്‍ രാമനോട് പ്രാര്‍ത്ഥിച്ചു- മനീഷ് സിസോദിയ പറഞ്ഞു. രണ്ടു നേതാക്കളും ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസയുടെ ചൊല്ലി. ദല്‍ഹിയെ പോലെ മികച്ച ആരോഗ്യ സേവനങ്ങളും കുടിവെള്ളവും വൈദ്യുതിയും നല്ല വിദ്യാഭ്യാസവും ലഭിക്കുന്ന നാടായി യുപിയെ മാറ്റാന്‍ എഎപിയെ അനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥിച്ചതായി സിസോദിയ പറഞ്ഞു.