ദുബായ്- കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ദുബായ്-അബുദബി (E101) ബസ് സര്‍വീസ് പുനരാരംഭിച്ചതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്നും അബുദബി സെന്‍ട്രന്‍ ബസ് സ്റ്റേഷന്‍ വരേയും തിരിച്ചുമാണ് സര്‍വീസ്. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ സുപ്രധാന പൊതുഗതാഗത മാര്‍ഗമാണ് ഈ ബസ് സര്‍വീസ്. യാത്രക്കാര്‍ സാമൂഹിക അകലം, മാസ് തുടങ്ങി എല്ലാ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.
വാക്‌സിന്‍ എടുത്തവര്‍ക്ക് അല്‍ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ഇതോടൊപ്പം E അല്ലെങ്കില്‍ സ്റ്റാര്‍ അടയാളവും വേണം. ഇത് നെഗറ്റീവ് പിസിആര്‍ റിസള്‍ട്ട് ഉണ്ടെങ്കില്‍ ആക്ടീവ് ആകും.
വാക്‌സിന്‍ എടുക്കാത്ത യാത്രക്കാരുടെ കൈവശം 48 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ഉണ്ടെങ്കില്‍ മാത്രമെ അബുദബിയിലേക്ക് പ്രവേശനം അനുവദിക്കൂ. തുടര്‍ച്ചയായി രണ്ടു തവണ ഡിപിഐ ടെസ്റ്റ് റിസല്‍ട്ടുമായി അബുദബിയിലെത്താന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.