ന്യൂദല്‍ഹി- അതിര്‍ത്തി കടന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനുള്ള അഫ്ഗാന്‍ പൗരന്മാരുടെ ഇപ്പോഴും തുടരുന്നതായി റിപോര്‍ട്ട്. പാക്കിസ്ഥാലേക്ക് കടക്കാനായി എത്തിയ നിരവധി അഫ്ഗാനികള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്പിന്‍ ബോല്‍ഡാക്കിലെ ചമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്‍ഡിടിവി പുറത്തു വിട്ടിരിക്കുന്നത്. അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ തിരക്കേറിയ ബോര്‍ഡര്‍ ക്രോസിങ് ആണ് ചമന്‍. സെപ്തംബര്‍ ആറിനുണ്ടായ ജനത്തിരക്കിന്റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു സൂചിപ്പിക്കുന്നത് ഇപ്പോഴും അഫ്ഗാനികള്‍ രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. കഴിഞ്ഞ ആഴ്ചകളില്‍ ഇങ്ങോട്ടുള്ള ട്രാഫിക്കും തിരക്കേറി.
നിരവധി കുടുംബങ്ങളാണ് തങ്ങളുടെ കുട്ടികളും സാധനസാമഗ്രികളടങ്ങിയ ബാഗുകളുമായി വീടുപേക്ഷിച്ച് അതിര്‍ത്തി കടക്കാനായി എത്തിയിരിക്കുന്നത്. ഇവിടെ താല്‍ക്കാലിക ഷെഡ് കെട്ടി അതിര്‍ത്തി കടക്കാന്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് നിരവധി പേര്‍. താലിബാന്‍ സര്‍ക്കാരില്‍ നിന്നും തിരിച്ചടി ഭയന്ന് നിരവധി പേര്‍ രാജ്യം വിടാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്നതാണ് അതിര്‍ത്തിയിലെ ദൃശ്യങ്ങള്‍.