ഐസോള്‍- പുറത്താക്കപ്പെട്ട സര്‍ക്കാരിനെ അനുകൂലിച്ച് നടക്കുന്ന സമരങ്ങളെ പട്ടാള ഭരണകൂടം അടിച്ചമര്‍ത്തല്‍ ശക്തമാക്കിയതോടെ മ്യാന്‍മറില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. ഇതോടെ ആയിരക്കണക്കിന് മ്യാന്‍മറുകാരാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് അഭയാര്‍ത്ഥികളായി മിസോറാമിലെത്തിയത്. നത്തിയാല്‍, ചംഫയ് ജില്ലകളിലായി വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 1546 മ്യാന്‍മര്‍ അഭയാര്‍ത്ഥികളാണ് എത്തിയതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. പുറത്താക്കപ്പെട്ട ശേഷം പ്രവാസത്തില്‍ കഴിയുന്ന നാഷനല്‍ യൂണിറ്റി സര്‍ക്കാര്‍ പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് പട്ടാളവും തിരിച്ചടി ശക്തമാക്കിയത്. മിസോറാം അതിര്‍ത്തിക്കടുത്തുള്ള ഒരു സൈനിക ക്യാമ്പ് ആക്രമിക്കപ്പെട്ടതോടെ പട്ടാളവും സമരക്കാരും തമ്മില്‍ രൂക്ഷമായ വെടിവെപ്പാക്രമണം നടന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി അഭയാര്‍ത്ഥികളുടെ ഒഴുക്കാണ്.
ചംഫയ് ജില്ലയില്‍ 278 പേരും നത്തിയാല്‍ ജില്ലയില്‍ 1268 പേരുമാണ് മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ളത്. ഇവര്‍ പലയിടങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സഹായവും ഇവര്‍ക്കുണ്ട്. നേരത്തെ 700 അഭയാര്‍ത്ഥികള്‍ ഈ ജില്ലകളില്‍ പലയിടങ്ങളിലായി കഴിയുന്നുണ്ട്. മിസോറാമിലെ 10 ജില്ലകളിലായി 9450 മ്യാന്‍മര്‍ അഭയാര്‍ത്ഥികളാണ് നിലവിലുള്ളത്. ഇവരില്‍ 20ഓളം മ്യാന്‍മര്‍ ജനപ്രതിനിധികളും ഉള്‍പ്പെടും.
അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മിസോറാം സംസ്ഥാന സര്‍ക്കാര്‍ ഇവരെ സ്വീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മിസോറാം ജനതയും മ്യാന്‍മര്‍ വംശജരും ഒരേ ഗോത്ര പാരമ്പര്യവും വംശീയ ബന്ധങ്ങളും പങ്കുവെക്കുന്നവരാണ്. ആഭയാര്‍ത്ഥികളുടെ കുട്ടികളെ സ്‌കൂള്‍ ചേര്‍ക്കാനുള്ള അനുമതിയും ഈയിടെ സര്‍ക്കാര്‍ നല്‍കിയിരുന്നു.