Sorry, you need to enable JavaScript to visit this website.

സൈമൺ മാസ്റ്ററുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത് വിവാദമാകുന്നു

തൃശൂർ- ഗ്രന്ഥകാരൻ സൈമൺ മാസ്റ്ററുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത് സംബന്ധിച്ച് വിവാദം. ഇസ്്‌ലാം സ്വീകരിച്ച സൈമൺ മാസ്റ്ററുടെ മൃതദേഹം അദ്ദേഹത്തിന്റെ ആ്ഗ്രഹത്തിന് വിരുദ്ധമായി മക്കളിൽ ചിലർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജിന് കൈമാറിയതാണ് വിവാദത്തിന് കാരണമായത്. തന്റെ മരണശേഷം മൃതേദഹം കാതിയാളം ജുമാ മസ്ജിദിൽ ഖബറടക്കണമെന്ന് മക്കളായ ഇ.എസ് ജെസി, ഇ.എസ് ജോൺസൺ എന്നിവരെ സാക്ഷികളാക്കി 2000 സെപ്തംബർ എട്ടിന് സൈമൺ മാസ്റ്റർ ഒപ്പിട്ടതിന്റെ രേഖയാണ് ചിലർ ഉയർത്തികാണിക്കുന്നത്. 2000 ഓഗസ്റ്റ് 18ന് താൻ കാതിയാളം ജുമാ മസ്ജിദിൽ വെച്ച് ഇസ്്‌ലാം സ്വീകരിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ഏത് ദിവസവും താൻ മരിച്ചാൽ മൃതദേഹം കാതിയാളം ജുമാ മസ്ജിദിൽ ഖബറടക്കണം എന്നുമായിരുന്നു സൈമൺ മാസ്റ്റർ ഒപ്പിട്ട കടലാസിലുണ്ടായിരുന്നത്. എന്നാൽ, ഇത് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിരുന്നില്ല. ഈ രേഖ നിലനിൽക്കെ തന്നെ  13.12.2017 ന് ഒപ്പിട്ട ഒരു രേഖ മക്കളും ഭാര്യയും ചേർന്ന് മെഡിക്കൽ കോളേജിന് നൽകിയിരുന്നു. ഇതിൽ മൃതദേഹം മെഡിക്കൽ കോളെജിന് പഠനാവശ്യങ്ങൾക്കായി കൈമാറുമെന്നായിരുന്നു ഉണ്ടായിരുന്നത്. 
ആ രേഖയുടെ വെളിച്ചത്തിലാണ് മക്കളും ഭാര്യയും മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജിന് കൈമാറിയത്. 
ഇസ്്‌ലാമും ബൈബിളും, യേശുവും മർയമും ബൈബിളിലും ഖുർആനിലും, യേശുവിന്റെ പിൻഗാമി തുടങ്ങിയ ഗ്രന്ഥങ്ങൾ സൈമൺ മാസ്റ്റർ രചിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഞാനെന്ത് കൊണ്ട് മുസ്്‌ലിമായി എന്ന ലേഖനവും യേശുവിന്റെ പാത എന്ന ബ്ലോഗിൽ സൈമൺ മാസ്റ്റർ എഴുതിയിരുന്നു.
എടവിലങ്ങ് പൈങ്ങോട് ഗവൺമെന്റ് യു.പി സ്‌കൂളിൽനിന്ന് പ്രധാനധ്യാപകനായാണ് സൈമൺ മാസ്റ്റർ വിരമിച്ചത്. ഭാര്യ: പനക്കപറമ്പിൽ മേരി. മക്കൾ: ജെസി(റിട്ട. വനിതാക്ഷേമ വികസന ഓഫീസർ), ജോൺസൺ, പീറ്റർ, ബിയാട്രീസ്. മരുമക്കൾ: സിൽവസ്റ്റർ, ഷീല, പൗളി, കെ.വി പോൾ. 


സൈമൺ മാസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട് അബ്ദുസമദ് അണ്ടത്തോട് ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്

മാസ്റ്റർ നൽകുന്ന പാഠം 
സൈമൺ മാസ്റ്റർ യാത്രയായി. ഇസ്ലാം നാടും വീടും ഉപേക്ഷിക്കാൻ കാരണമാണ് എന്ന പൊതു ബോധത്തെയാണ് അദ്ദേഹം മാറ്റിയെഴുതിയത്. വിശ്വാസിയായി സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞുകൂടാം എന്നതാണു അദ്ദേഹം സമൂഹത്തെ പഠിപ്പിച്ചത്. തന്റെ ഭാര്യ മക്കൾ കുടുംബം എന്നിവരെ തുടർന്നും അദ്ദേഹം കുടുംബമായി കണ്ടു. അതെ സമയം തന്റെ വിശ്വാസത്തിൽ അദ്ദേഹം മരണം വരെ ഒരു മാറ്റവും വരുത്തിയില്ല. സൈമൺ മാസ്റ്റർ ഒരു മുസ്ലിമായിരുന്നു എന്ന് സമ്മതിക്കാത്ത ആരും നമുക്കിടയിൽ ജീവിച്ചിരിപ്പില്ല. തന്റെ ശരീരം മരണ ശേഷം മെഡിക്കൽകോളേജിനു നൽകണം എന്നദ്ദേഹം ഒപ്പിട്ടു കൊടുത്തു എന്നതാണ് കുടുംബത്തിന്റെ നിലപാട് എന്നറിയുന്നു. പക്ഷെ നാമറിയുന്ന മാസ്റ്റർ അങ്ങിനെ ചെയ്യാൻ വഴിയില്ല. കുടുംബത്തിൽ അതിക്രമിച്ചു കടന്നു മയ്യിത്ത് പള്ളിക്കാട്ടിൽ മറവു ചെയ്യുക എന്നത് അസാധ്യമാണ്. സാധ്യമായ രീതി കുടുംബത്തെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ്. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുക എന്നതും.

പക്ഷെ ഇതിനെയും സംഘടന രീതിയിലേക്ക് ചുരുക്കാനാണ് പലർക്കും താല്പര്യം. ഒരാളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുക എന്നതാണു ഇസ്ലാമിക പ്രസ്ഥാനം ഏറ്റെടുത്ത കർത്തവ്യം. നിങ്ങൾ വീട്ടുകാരെ ഒഴിവാക്കി ഞങ്ങളുടെ കൂടെ പോരണം എന്ന് പറയാനുള്ള അവകാശം ഇസ്ലാം നൽകുന്നില്ല. മുസ്ലിമായ ഒരാളുടെ അന്ത്യകർമം അദ്ദേഹത്തിന്റെ വിശ്വാസ പ്രകാരം നടത്താൻ സമ്മതിക്കുക എന്നതാണ് മാന്യത. സൈമൺ മാസ്‌ററുടെ കുടുംബം ക്രിസ്ത്യൻ വിശ്വാസികളാണ്. മുസ്ലിമായ ശേഷം അദ്ദേഹം പള്ളിയുമായോ മറ്റു ക്രിസ്ത്യൻ വിഷയങ്ങലുമായോ ബന്ധപ്പെട്ടതായി അറിയില്ല. ഇസ്ലാമിനെ തള്ളിപ്പറഞ്ഞ ഒരു സാഹിത്യകാരൻ മരിച്ചപ്പോൾ മുസ്ലിം ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കം ചെയ്തു എന്നത് ഒരു അപരാധമായി പറഞ്ഞു കേട്ടിരുന്നു. ഒരാളുടെ ശവത്തെ കിട്ടിയിട്ടു ഇസ്ലാമിന് പ്രത്യേകിച്ച് കാര്യമില്ല. ഇസ്ലാം നോക്കുന്നത് ജീവിച്ചിരിക്കുന്ന മനുഷ്യന്റെ വിഷയമാണ്. അതെ സമയം ഒരു വിശ്വാസി എന്ന നിലയിൽ ഒരാളുടെ അവസാന വിഷയവും മാന്യമായി തീരണം എന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. മുസ്ലിംകൾക്ക് തന്നെ ശ്മശാനം വിലക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. അപ്പോൾ വിശ്വാസിയായിട്ടും അതിലേക്കു വരാത്ത കുടുംബത്തിന്റെ കൂടെ ജീവിക്കുന്ന സൈമൺ മാസ്റ്ററുടെ പോലെയുള്ളവരുടെ കാര്യം നമുക്ക് ഊഹിക്കാം.

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സഹാകാരിയായിരുന്നു മാസ്റ്റർ എന്ന് മനസ്സിലാവുന്നു. ഇത്തരം അവസ്ഥകളിൽ അത് ഒരു സംഘടനയുടെ തലയിൽ കെട്ടിവെച്ചു മാറി നിൽക്കുക എന്നതല്ല ശരിയായ രീതി. ഈ രീതി തുടർന്ന് പോയാൽ മറ്റേതു സംഘടനയുടെ കൂടെയായാലും കുടുംബത്തിന്റെ കൂടെ ജീവിക്കുന്ന വിശ്വാസിക്ക് ഇതൊരു കീഴ്‌വഴക്കമാവും. അതിനെ നിയമ പരമായി നേരിടുക എന്നത് ഭാവിയിലേക്കുള്ള കരുതലാണ്.

കുളിപ്പിച്ച് കഫൻ ചെയ്തിട്ട് വേണം മുന്നിലുള്ള മയ്യിത്തിനു വേണ്ടി നമസ്‌കരിക്കാൻ. മറമാടി എന്ന് ഉറപ്പാക്കി വേണം മറഞ്ഞ മയ്യിത്തിനു നമസ്‌കരിക്കാൻ. മയ്യിത്ത് മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് നീക്കിയാൽ നമ്മുടെ ഭാഷയിൽ മറമാടൽ നടന്നതിനു തുല്യം. മയ്യിത്തിന്റെ വർത്തമാന സാഹചര്യം എന്തെന്നറിയില്ല. കേരളത്തിൽ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ സംഭാവന നൽകിയ മാസ്റ്റർ നമ്മിൽ നിന്നും അകന്നു പോകുന്നതും വലിയ സംഭാവന നൽകി തന്നെയാണ്. ചുറ്റുവട്ടവും കുടുംബത്തിന്റെ വേലി ഉണ്ടായിട്ടും ഒരിക്കൽ പോലും തന്റെ വിശ്വാസം അദ്ദേഹം മാറ്റി പറഞ്ഞില്ല. ജീവിച്ചിരിക്കുന്ന മനുഷ്യ കർമമാണ് ദൈവത്തിൽ പ്രാധാന്യം. മയ്യിത്തിനെ എന്ത് ചെയ്തു എന്നത് ജീവിച്ചിരിക്കുന്നവരുടെ വിഷയമാണ്. ഹംസ (റ) യുടെ ശരീരത്തെ കീറി മുറിച്ചാണ് ഉഹദിൽ ശത്രുക്കൾ ബദറിന്റെ പ്രതികാരം തീർത്തത്. അച്ഛന്റെ ശരീരം കീറി മുറിച്ചു പ്രതികാരം ചെയ്യാൻ മാത്രം സൈമൺ മാസ്റ്ററുടെ മക്കൾ തീരുമാനിക്കില്ല എന്ന് നാം മനസ്സിലാക്കുന്നു.
 

Latest News