ന്യൂദൽഹി- ഹാദിയയുടെ അച്ഛൻ അശോകന് പിന്നിൽ ഇസ്്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നും ഇസ്്‌ലാമിനെയും മുസ്ലിംകളെയും ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകൻ ഉന്നയിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ട് വനിതാവിഭാഗം നേതാവ് സൈനബ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്. തൃപ്പൂണിത്തറയിലെ ശിവശക്തി കേന്ദ്രത്തിനെതിരായ ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർത്ത് അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യമാണ് അശോകന് പിന്നിൽ പ്രവർത്തിക്കുന്നവർക്കുള്ളത്. കലക്കവെള്ളത്തിൽ മീൻ പിടിച്ച് അധികാരത്തിലെത്താനാണ് അശോകനെ പിന്തുണക്കുന്നവർ ശ്രമിക്കുന്നത്. അശോകന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അന്ധൻ ഇരുട്ടിൽ സാങ്കൽപ്പികമായുള്ള പൂച്ചയെ തപ്പുന്നത് പോലെയാണ് അശോകൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയതാണ്. മാനുഷിക പരിഗണനയിലാണ് ഹാദിയയെ സഹായിച്ചത്. മതത്തെ പറ്റി പഠിക്കാനുള്ള കേന്ദ്രമാണ് മഞ്ചേരിയിലെ സത്യസരണി. ഇത് മതപരിവർത്തന കേന്ദ്രമല്ല.
കേരളത്തിൽ ലവ് ജിഹാദോ ഹോമിയോ ജിഹാദോ ഇല്ല. ഷഹൻഷ കേസിൽ കേരള ഡി.ജി.പി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സൈനബ പറഞ്ഞു.