ന്യൂദല്‍ഹി- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സ് പുനരാരംഭിക്കുന്നു. അടുത്ത വര്‍ഷം ആദ്യം ആഭ്യന്തര വിമാനങ്ങള്‍ ആരംഭിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്ത വര്‍ഷം അവസാനവും തുടങ്ങും.
ദല്‍ഹി-മുംബൈ റൂട്ടിലായിരിക്കും ആദ്യ വിമാനം. കമ്പനിയുടെ ആസ്ഥാനം മുംബൈയില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയിട്ടുണ്ട്.
കനത്ത നഷ്ടത്തെ തുടര്‍ന്ന് 2019 ഏപ്രിലിലാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയത്. പാപ്പരായി പ്രഖ്യാപിക്കണമെന്ന് 2019 ജൂണില്‍ കമ്പനി ഹരജി സമര്‍പ്പിച്ചിരുന്നു.
യു.കെ ആസ്ഥാനമായ ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശം ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ചത്. നാഷണല്‍ കമ്പനീസ് ലോ ട്രൈബ്യൂണല്‍ ജൂണില്‍ നിര്‍ദേശം അംഗീകരിച്ചു.
മൂന്ന് വര്‍ഷത്തിനകം 50 ലേറെ വിമാനങ്ങളും അഞ്ച് വര്‍ഷത്തിനകം 100 ലേറെ വിമാനങ്ങളുമാണ് ലക്ഷ്യമിടുന്നതെന്ന് കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന മുരാരി ലാല്‍ ജെയിന്‍ പറഞ്ഞു.