ചെന്നൈ- സംസ്‌കൃതം മാത്രമല്ല, തമിഴും ദൈവങ്ങളുടെ ഭാഷയാണെന്ന് മദ്രാസ് ഹൈക്കോടതി. ആഴ്‌വാരും നയന്മാരും പോലുള്ള സന്ന്യാസിമാര്‍ രൂപപ്പെടുത്തിയ തമിഴ് കീര്‍ത്തനങ്ങളും അഭിഷേകങ്ങള്‍ക്ക് രാജ്യത്തെമ്പാടും ഉപയോഗിക്കണമെന്നും ജസ്റ്റിസ് എന്‍.കിറുബകരനും ജസ്റ്റിസ് ബി.പി. പുഗളന്ദിയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. രാജ്യത്ത് സംസ്‌കൃതം മാത്രമാണ് ദൈവത്തിന്റെ ഭാഷയെന്ന വിശ്വാസം രൂപപ്പെട്ടതിനെ ജഡ്ജിമാര്‍ ചോദ്യം ചെയ്തു.
പല രാജ്യങ്ങളിലും വ്യത്യസത തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രദേശങ്ങളുടെ സംസ്‌കാരത്തിന് അനുസൃതമായി പ്രാര്‍ഥനാ രീതികളും മാറുന്നു. അത്തരം സ്ഥലങ്ങളില്‍ പ്രാദേശിക ഭാഷകളാണ് ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് സംസ്‌കൃതം മാത്രമാണ് ദേവഭാഷയെന്നും മറ്റൊരു ഭാഷയും തുല്യമല്ലെന്നുമുള്ള വിശ്വാസമാണ് നിലനില്‍ക്കുന്നത്. പുരാതന സാഹിത്യങ്ങള്‍ എഴുതപ്പെട്ട ഭാഷയാണ് സംസ്‌കൃതമെങ്കിലും സംസ്‌കൃത വേദങ്ങള്‍ മാത്രമേ ഉച്ചരിക്കാന്‍ പാടുള്ളൂ എന്ന രീതിയിലാണ് പൊതുധാരണ. ദൈവങ്ങള്‍ മറ്റു ഭാഷകളും കേള്‍ക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലുള്ള ക്ഷേത്രത്തിലെ അഭിഷേകം സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.