തിരുവനന്തപുരം- പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ ഉപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ശ്രമത്തിന് മുന്നിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സോഷ്യൽ മീഡിയയിലെ വ്യാജ ഐഡികൾ ഉപയോഗിച്ച് വിദ്വേഷം വളർത്താനുള്ള ശ്രമം സജീവമായി നടക്കുകയാണെന്നും സതീശൻ ആരോപിച്ചു.
കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് നടപടി സ്വീകരിപ്പിക്കണം. സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നിൽ വീഴാൻ സമുദായങ്ങൾ തയ്യാറാകരുത്. സഭയുടെ ആരോപണം സർക്കാർ അന്വേഷിക്കണം. തെളിവുകൾ ഉണ്ടെങ്കിൽ അത് സർക്കാരിന് നൽകി നടപടി സ്വീകരിപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കിൽ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്.
ഇരുസമുദായങ്ങൾ പ്രതിഷേധവും ജാഥയും നടത്തി പരസ്പരം വിദ്വേഷം വളരുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. സമുദായങ്ങൾ തമ്മിലടിക്കുന്നുവെങ്കിൽ അടിക്കട്ടെ എന്നാണ് സി.പി.എം അജണ്ടയെന്ന് സംശയമുണ്ട്. ഇത്തരത്തിലാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം വന്നത്. ഈ വിവാദത്തിൽ കോൺഗ്രസ് കക്ഷി ചേരില്ല. സമുദായങ്ങൾ സംയമനം പാലിക്കണം. പ്രകടനങ്ങൾ നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചും മുന്നോട്ടുപോയാൽ ഇങ്ങനെ ഒരു പ്രശ്‌നം ആഗ്രഹിക്കുന്നവർക്ക് വളരാനുള്ള വളംവെച്ച് കൊടുക്കലായി മാറും. കേരളത്തിലെ സാഹിത്യകാരൻമാർ, എഴുത്തുകാർ എന്നിവർ പുരോഗമന ചിന്താഗതിയോടെ മുന്നോട്ട് വരുമെന്നും സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും പ്രത്യാശിക്കുന്നതായും സതീശൻ പറഞ്ഞു.
യഥാർത്ഥത്തിൽ കേരളത്തിൽ ഈ രണ്ട് സമുദായങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ലെന്നും മനഃപൂർവം പ്രശ്‌നം വഷളാക്കി ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.