വീഡിയോ ചിത്രീകരിച്ചത് അമ്മ
ബംഗളൂരു- കള്ളം പറഞ്ഞുവെന്നാരോപിച്ച് ബംഗളൂരുവിൽ പത്തുവയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കുട്ടിയെ നിലത്തിട്ട് ചവിട്ടുകയും വലിച്ചെറിയുകയും ചെയ്യുന്ന അച്ഛന്റെ വീഡിയോ ദൃശ്യങ്ങൾ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് ചിത്രീകരിച്ചത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്. സന്നദ്ധ സംഘടനയായ ബോസ്‌കോ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
കുട്ടിയെ പിതാവ് മൊബൈൽ ചാർജർ ഉപയോഗിച്ചും കൈകൾ കൊണ്ടും ക്രൂരമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് കുട്ടിയെ കഴുത്തിന് പിടിച്ച് മുകളിലേക്ക് ഉയർത്തുകയും താഴേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടി തന്നെ മർദ്ദിക്കരുതെന്ന് കണ്ണീരൊലിപ്പിച്ച് പറയുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ രണ്ടു മിനിറ്റോളം മർദ്ദിക്കുന്നുണ്ട്.
കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. അച്ഛന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചിത്രീകരിച്ചത് എന്നാണ് ഇതിലെ സംഭാഷണത്തിൽനിന്ന് വ്യക്തമാകുന്നതും. ഇനി കുട്ടി കള്ളം പറയുമ്പോൾ കാണിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് ഇതിലെ സംഭാഷണത്തിലുള്ളത്. കുട്ടിയുടെ അമ്മ മൊബൈൽ ഫോൺ നന്നാക്കാൻ വേണ്ടി കടയിൽ കൊടുത്തിരുന്നു. ഇവിടെനിന്നാണ് ദൃശ്യം പുറത്തായത്. ദൃശ്യം വൈറലായതോടെ ബാലനീതി വകുപ്പ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത വിവരം ബംഗളൂരു വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി പോലീസ് കമ്മീഷണർ എം.എൻ അനുചൈത്ത് വ്യക്തമാക്കി.