ന്യൂദല്‍ഹി- രഹസ്യ വിവര കൈമാറ്റ കരാര്‍ പ്രകാരം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ മുന്നാം സെറ്റ് വിശദാംശങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഉടന്‍ ഇന്ത്യയ്ക്കു കൈമാറും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യക്കാരുടെ രഹസ്യ സ്വത്തുവിവരങ്ങള്‍ അടങ്ങുന്നതായിരിക്കും ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതാദ്യമായാണ് ഇന്ത്യക്കാരുടെ സ്വിസ് റിയല്‍ എസ്റ്റേറ്റ് സ്വത്ത് വിവരങ്ങള്‍ കൈമാറുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ അവിടെ സ്വന്തമാക്കിയിരിക്കന്ന അപാര്‍ട്‌മെന്റുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവ അടക്കമുള്ള സ്വത്തുക്കള്‍, ഇവയില്‍ നിന്നുണ്ടാക്കിയ സമ്പാദ്യം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിക്കുക.
ഇവ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച് നികുതി ബാധ്യതകള്‍ കണക്കാക്കും. നികുതിയില്‍ നിന്ന് രക്ഷപ്പെടാനായി വിദേശങ്ങളില്‍ പണം പൂഴ്ത്തിവെക്കുന്ന സമ്പന്നരെ വെളിച്ചത്തു കൊണ്ടു വരുന്നതിനാണ് ഇന്ത്യ സ്വിറ്റ്‌സര്‍ലന്‍ഡുമായി രഹസ്യബാങ്ക് അക്കൗണ്ട് വിവര കൈമാറ്റ കരാര്‍ ഉണ്ടാക്കിയത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കിയ സംഭാവനകള്‍, ഡിജിറ്റല്‍ കറന്‍സി വിവരങ്ങള്‍ എന്നിവ ഈ കരാര്‍ പ്രകാരം ഇന്ത്യയ്ക്കു കൈമാറില്ല.