ലഖ്‌നൗ- അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് യഥാര്‍ത്ഥ ബദലായി മാറാന്‍ കോണ്‍ഗ്രസിനെ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും യുപിയിലെ കോണ്‍ഗ്രസ് ചുമതലക്കാരിയുമായി പ്രിയങ്ക ഗാന്ധി. പ്രതിഗ്യാന്‍ യാത്ര എന്നു പേരിട്ടിരിക്കുന്ന 12,000 കിലോമീറ്റര്‍ ദൂരം പദയാത്ര, പാര്‍ട്ടി വിടുകയോ മാറിനില്‍ക്കുകയോ ചെയ്യുന്ന പഴയകാല നേതാക്കളുമായി ബന്ധം പുനസ്ഥാപിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരിക, മൃദു ഹിന്ദുത്വ നയം മുറുകെ പിടിക്കുക എന്നിങ്ങനെയാണ് പ്രിയങ്ക മെനഞ്ഞ പുതിയ തന്ത്രങ്ങള്‍.
മൂന്ന് ദിവസമായി പ്രിയങ്ക യുപിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ഈ മാസം 20ന് ആരംഭിക്കുന്ന പ്രതിഗ്യാന്‍ യാത്ര വന്‍ വിജയമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോയും പ്രിയങ്ക ആഹ്വാനം ചെയ്തു. ഈ യാത്രയില്‍ ബിജെപി സര്‍ക്കാരിന്റെ കോവിഡ് നേരിടുന്നതിലെ പരാജയം, മോശം ക്രമസമാധാനം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ എന്നിവ തുറന്നു കാട്ടാനാണു പദ്ധതി.
കോണ്‍ഗ്രസ് വിടുകയോ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയോ ചെയ്ത പഴയകാല കോണ്‍ഗ്രസ് നേതാക്കളെ നേരിട്ടു കണ്ട് സംസാരിക്കാന്‍ മുതിര്‍ന്ന പാര്‍്ട്ടി നേതാക്കളെ പ്രിയങ്ക ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പിനു മുമ്പായി ഇവരെ പാര്‍ട്ടിയിലെത്തിക്കാനാണ് നീക്കം. വേണ്ടി വന്നാല്‍ അവരെ നേരിട്ട് കാണാന്‍ താന്‍ ഒരുക്കമാണെന്നും പ്രിയങ്ക പറഞ്ഞു.
ഞായറാഴ്ച അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലെത്തിയ പ്രിയങ്ക പ്രശസ്തമായ ചുര്‍വ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നേരത്തെ യുപിയിലെത്തിയപ്പോഴും പ്രിയങ്ക പല പ്രശസ്ത ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ബിജെപിയെ നേരിടാന്‍ മൃദു ഹിന്ദുത്വ നയം തുടരാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയില്‍ മൃദു ഹിന്ദുത്വ നയം സ്വീകരിക്കാനാണ് തീരുമാനമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിനെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു.