ബെംഗളുരു- ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രാദേശിക ഗുണ്ടയായ 27കാരനെ ബെംഗളുരുവിലെ ഒരു സ്‌റ്റേഡിയത്തില്‍ അജ്ഞാതര്‍ കുത്തിക്കൊന്നു. ഒരു ഫുട്‌ബോള്‍ ടീമിന്റെ നടത്തിപ്പുകാരന്‍ കൂടിയായ അരവിന്ദ് ആണ് കൊല്ലപ്പെട്ടത്. കളിക്കാനായി സ്റ്റേഡിയത്തിലെത്തിയതായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. അക്രമികള്‍ അരവിന്ദിനെ സ്‌റ്റേഡിയത്തില്‍ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. റഫറി റൂമില്‍ കയറി അരവിന്ദ് വാതിലടച്ചെങ്കിലും അക്രമികള്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബിബിഎംപി സ്റ്റേഡിയത്തില്‍ വനിതകളുടെ ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെയാണ് സംഭവം.
നാലഞ്ചു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു. കൊല നടത്തിയ ശേഷം മുങ്ങിയ പ്രതികളെ കണ്ടെത്താനായി പോലീസ് രണ്ട് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതമാക്കി.