Sorry, you need to enable JavaScript to visit this website.

ഗോകുലം എഫ്.സിക്ക് സമനിലയോടെ തുടക്കം

കൊൽക്കത്ത - ഡ്യൂറന്റ് കപ്പിൽ ഗോകുലം കേരളാ എഫ്.സിക്ക് സമനിലയോടെ തുടക്കം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡ് ആണ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിനെ 2-2ന് സമനിലയിൽ തളച്ചത്. വൈകീട്ട് മൂന്നിന് വെസ്റ്റ് ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഗോകുലം ലീഡെടുത്തു. ബോക്സിന് പുറത്ത് നിന്ന് ഒരു ലോങ്റേഞ്ചർ ഷോട്ടിലൂടെ ഘാന താരം റഹീം ഒസ്മാനുവാണ് ഗോകുലത്തിനെ മുമ്പിലെത്തിച്ചത്. മുപ്പതാം മിനിറ്റിൽ ജൈനിലൂടെ ആർമി റെഡ് സമനിലഗോൾ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബികാഷ് താപയിലൂടെ ആർമി റെഡ് ഗോകുലത്തിനെതിരെ ലീഡെടുത്തു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗോകുലം 68-ാം മിനിറ്റിൽ അർഹിച്ച ഗോൾ കണ്ടെത്തി. പകരക്കാരനായെത്തിയ എൽവിസ് ചികത്താരയും റഹീമും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ചികത്താരയെ ബോക്സിൽ വീഴ്ത്തിയതിന് ഗോകുലത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ക്യാപ്റ്റൻ ഷരീഫ് അഹമ്മദിന് പിഴച്ചില്ല. ഇടത്തോട്ട് ചാടിയ ആർമി റെഡ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ഷരീഫ് പോസ്റ്റിന്റെ വലത് മൂലയിൽ പന്തെത്തിച്ചു. 87-ാം മിനിറ്റിൽ ഗോകുലം വീണ്ടും ഗോളിനരികിലെത്തിയെങ്കിലും ഗോൾപോസ്റ്റിൽ തട്ടി മടങ്ങി. എമിൽ ബെന്നിക്ക് പകരക്കാരനായെത്തിയ ജിതിൻ എം.എസിന്റെ ഗോൾശ്രമം ഗോൾകീപ്പറെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. കളിയിലുടനീളം ഗോകുലമായിരുന്നു മുന്നിട്ടുനിന്നത്.
സമനിലയോടെ ഗോകുലം ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാണ്. ഒരു പോയിന്റാണ് ഗോകുലത്തിനുള്ളത്. രണ്ട് മത്സരത്തിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ആർമി റെഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. ഹൈദരാബാദ് എഫ്.സിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
 

Latest News