കാബൂള്‍- താലിബാന്റെ ഭീഷണിയെ വകവെക്കാതെ പന്ത്രണ്ട് യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി. കുടുംബത്തെ സംരക്ഷിക്കാനാണ് വീണ്ടും ജോലിക്കെത്തിയതെന്ന് അവര്‍ പറഞ്ഞു. അഫ്ഗാന്‍ താലിബാന്‍ കീഴടക്കുന്നതിനുമുമ്പ് വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന എണ്‍പതോളം സ്ത്രീകളില്‍ ഇവര്‍ മാത്രമാണ് ജോലിക്കെത്തിത്തുടങ്ങിയത്. ശേഷിക്കുന്നവര്‍ എവിടെയാണെന്നുപോലും അറിയില്ല.
സ്ത്രീകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് താലിബാന്‍ പറഞ്ഞിരുന്നു. കുടുംബം പോറ്റാന്‍ ജോലിക്ക് പോയേ പറ്റൂ എന്ന അവസ്ഥയാണ് ഇവരെ മടക്കിയെത്തിച്ചത്.
ജോലിക്ക് ഇപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളത്തില്‍നിന്ന് തിരികെ പോകരുതെന്ന് താലിബാന്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.