ടെല്‍അവീവ്- ഫലസ്തീനെ ഇല്ലാതാക്കുന്നതിനും ലോകത്ത് വിവിധയിടങ്ങളിലുള്ള ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനും ഇസ്രായില്‍ നടത്തിയ രഹസ്യ നരനായാട്ടിന്റെ ഞെട്ടിപ്പിക്കുന്ന കഥകളുമായി പുതിയ പുസ്തകം.
ഇസ്രായിലിലെ ഏറ്റവും വലിയ ദിന പത്രമായ യെദിയോത് അഹ്‌റാനോത്ത് ലേഖകന്‍ റോനന്‍ ബെര്‍ഗ്മാന്‍ എഴുതിയ 'റൈസ് ആന്റ് കില്‍് ഫസ്റ്റ്' എന്ന പുസ്തകത്തിലാണ് ജൂത രാഷ്ട്രം മനുഷ്യകുലത്തിനെതിരെ ചെയ്ത ക്രൂരകൃത്യങ്ങള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്. ടൂത്ത് പേസ്റ്റില്‍ വിഷം കലര്‍ത്തിയും പൊട്ടിത്തെറിക്കുന്ന ഫോണുകള്‍ ഉപയോഗിച്ചും പാഴ് ടയറുകളില്‍ ബോംബ് ഒളിപ്പിച്ച് സ്ഫോടനങ്ങള്‍ നടത്തിയും 2,700-ഓളം പേരെ ലോകത്തുടനീളം ഇസ്രായില്‍ കൊന്നൊടുക്കിയ കഥ ഈ പുസ്തകം വിവരിക്കുന്നു.
രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍്ട്ട് ചെയ്തിരുന്ന ബെര്‍ഗ് മാന്‍ ഇസ്രായിലി ചാര സംഘടനകളായ മൊസാദിന്റേയും ഷിന്‍ ബെറ്റിന്റേയും ആയിരത്തിലധികം ഏജന്റുമാരെ നേരിട്ട് കണ്ട് ശേഖരിച്ച വിവരങ്ങളാണിത്. 70 വര്‍ഷത്തെ നിലനില്‍പ്പിനിടെ ശത്രു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരേയും നയതന്ത്രജ്ഞരേയും അടക്കം നിരവധി പേരെ യുദ്ധം പോലും ചെയ്യാതെ രഹസ്യമായ നീക്കങ്ങളിലൂടെ തന്ത്രപരമായി കൊലപ്പെടുത്തിയ കഥകളാണ് പുസ്തകം വിവരിക്കുന്നത്.
ഇറാന്റെ ആറ് ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതിനും ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെ രഹസ്യമായി വിഷം നല്‍കി കൊലപ്പെടുത്തിയതിനും പിന്നില്‍ ഇസ്രായിലാണെന്ന് ഇസ്രായിലി മുന്‍ ചാരന്മാരില്‍ നിന്ന് ലഭിച്ച വ്യക്തമായ സൂചനകളെ മുന്‍ നിര്‍ത്തി ബെര്‍ഗ്മാന്‍ പറയുന്നു.
ഈ പുസ്തകമെഴുത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രിമാരായ യഹുദ് ബാറക്, യഹൂദ് ഒല്‍മെര്‍ട്ട് എന്നിവരെയും ബെര്‍ഗ് മാന്‍ കണ്ടിട്ടുണ്ട്. ഈ ഗവേഷണം തടയാന്‍ ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചു. മുന്‍ മൊസാദ് ഏജന്റുമാരെ തന്നോട് സംസാരിക്കുന്നതില്‍ വിലക്കിയെന്നും അദ്ദേഹം പറയുന്നു.
ജൂത വേദമായ തല്‍മൂദിലെ ഒരു താക്കീതാണ് പുസ്തകത്തിന്റെ പേരായി ബെര്‍ഗ്മാന്‍ നല്‍കിയിരിക്കുന്നത്. നിങ്ങളെ ആരെങ്കിലും കൊല്ലാന്‍ വന്നാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അവരെ ആദ്യം കൊല്ലുക എന്ന ജൂത വേദ വാക്യത്തില്‍ നിന്നാണ് റൈസ് ആന്റ് കില്‍ ഫസ്റ്റ് എന്ന പേര് ബെര്‍ഗ്മാന്‍ കണ്ടെത്തിയത്. തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ഈ വേദ വാക്യം നിരവധി ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടിയതായും അദ്ദേഹം പറയുന്നു.