അഹമദാബാദ്- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റിയ ബിജെപി ഇന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രിമാര്‍ പ്രഹ്‌ളാദ് ജോഷിയും നരേന്ദ്ര സിങ് തോമറും അഹമദാബാദിലെത്തി. ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടക്കുകയാണ്. ഇന്ന് വൈകീട്ട് ബിജെപി നിയമസഭാ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ ഈ യോഗം തീരുമാനിക്കും. പ്രഖ്യാപനവും ഉണ്ടാകും. നാളെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 15 മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പുതിയ മുഖ്യമന്ത്രിയായി നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രബല സമുദായമായ പട്ടേല്‍ വിഭാഗക്കാരനായിരിക്കും എന്നും റിപോര്‍ട്ടുണ്ട്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ മന്ത്രി ഗോര്‍ധന്‍ സദാഫിയ, ലക്ഷദ്വീപ്, ദാദ്ര, നാഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
2016നു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഗുജറാത്ത് ബിജെപിയിലുള്ളത്. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ അന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റിയിരുന്നു. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വിജയ് രൂപാണി താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞിരുന്നു. നിതിന്‍ പട്ടേല്‍ അന്ന് മുഖ്യമന്ത്രി ആയേക്കുമെന്ന് കരുതിയിരുന്നെങ്കിലും വിജയ് രൂപാണിയെ ആണ് പാര്‍ട്ടി മുഖ്യമന്ത്രിയായി തീരുമാനിച്ചത്.