Sorry, you need to enable JavaScript to visit this website.

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

കോയമ്പത്തൂര്‍- കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന്‍ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്.
ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണം പാളയം അണക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് മീന്‍പിടിത്തക്കാരാണ് ഇരുവരെയും കരയിലേക്ക് കൊണ്ടുവന്നത്. കരയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ ഇരുവര്‍ക്കും ജീവനില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
മരിച്ച കിരണ്‍ ബാബു ബാംഗ്ലൂരില്‍ ഐടി കമ്പനി ജീവനക്കാരനാണ്. വിനായകചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് ഈറോഡ് ചെന്നിമല മുകാശിപിടാരിയൂര്‍ സ്വദേശി നരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു സുഹൃത്തുക്കളായ ഏഴംഗ സംഘം. കോട്ടയം നന്ദന്‍ കാവ് സ്വദേശി വിഷ്ണു പ്രസാദ്, മറ്റൊരു മലയാളിയായ ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരുപ്പൂര്‍ സ്വദേശി വിജയകുമാര്‍, തൂത്തുക്കുടി സ്വദേശി രാംകുമാര്‍ എന്നിവരോടൊപ്പമാണ് യദുവും കിരണ്‍ ബാബുവും എത്തിയത്.
അണക്കെട്ട് ഭാഗത്ത് എത്തുമ്പോള്‍ നരേന്ദ്രന്‍ സുഹൃത്ത് ഹൃദയ മൂര്‍ത്തിയും കൂടെയുണ്ടായിരുന്നു. അവധി ദിവസമായതിനാല്‍ കാരണംപാളയം ഭാഗത്ത് രണ്ടു കാറുകളിലായി ഒന്‍പത് പേരടങ്ങുന്ന സംഘം കുളിക്കാന്‍ എത്തിയതായിരുന്നു. കാവേരിക്ക് കുറുകെ കെട്ടിയ തടയണയാണ് കാരണം പാളയം അണക്കെട്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പെരുന്തുറ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ബന്ധുക്കള്‍ എത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മലയാംപാളയം പോലീസ് അറിയിച്ചു.
 

Latest News