Sorry, you need to enable JavaScript to visit this website.

10 വയസ്സുകാരന്‍ മകനെ കൊന്ന് 7 മാസത്തിനു ശേഷം കാണാനില്ലെന്ന് പരാതിപ്പെട്ട അമ്മയും കാമുകനും അറസ്റ്റില്‍

ബെംഗളുരു- മകനെ കാണാനില്ലെന്ന് കഴിഞ്ഞ മാസം പരാതിപ്പെട്ട യുവതി തന്നെയാണ് 10 വയസ്സുകാരനായ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ബെംഗളുരു സ്വദേശിയായ യുവതിയേയും സഹായിച്ച കാമുകന്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മകനെ മര്‍ദിച്ചു കൊന്നതായി യുവതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഫെബ്രുവരിയിലാണ് കൊല നടന്നത്. ഏഴു മാസങ്ങള്‍ക്കു ശേഷമാണ് യുവതി മകനെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയ ഒരു കുട്ടിയുടെ മൃതദേഹവും യുവതിയുടെ പരാതിയും തമ്മില്‍ ഒത്തുവന്നപ്പോഴാണ് കൂടുതല്‍ അന്വേഷണം നടത്തിയതെന്ന് ബെംഗളുരു പോലീസ് പറഞ്ഞു. യുവതിക്കെതിരെ കൊലക്കുറ്റത്തിനു പുറമെ പോക്‌സോ വകുപ്പുകളും ചുമത്തി കേസെടുത്തു.

ഭര്‍ത്താവില്‍ നിന്ന് അകന്ന കഴിയുന്ന യുവതി കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമായതിനാലാണ് കുഞ്ഞിനെ കൊന്നത്. ബെംഗളുരുവില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു കൊന്ന ശേഷം യുവതിയും കാമുകനും ചേര്‍ന്ന് വാടക കാര്‍ എടുത്ത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ബര്‍ഗൂരില്‍ മൃതേദഹം തള്ളുകയായിരുന്നു. കാമുകന്റെ സുഹൃത്തും സഹായത്തിനുണ്ടായിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് യുവതി. 

കാണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ നിരന്തരം ചോദിച്ചതോടെയാണ് യുവതി കഴിഞ്ഞ മാസം കാണാനില്ലെന്ന് പരാതി പോലീസില്‍ നല്‍കിയത്. ഇത് സംശയത്തിനിടയാക്കിയപ്പോഴാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ഫെബ്രുവരിയില്‍ കൃഷ്ണഗിരി പോലീസ് ഒരു 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മാസങ്ങളായി അന്വേഷണത്തില്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല. തലയറുത്ത് വായില്‍ മുളക് പൊടി നിറച്ച്, ദേഹമാസകലം പൊള്ളിയ അടയാളങ്ങളോടെ ഒരു കുഞ്ഞിന്റെ മൃതദേഹം ബര്‍ഗൂരില്‍ കണ്ടെത്തിയത് സംഭവത്തില്‍ തമിഴ്‌നാട് ബാലാവകാശ സംരക്ഷണ കമ്മീഷനും ഇടപെട്ടിരുന്നു. കമ്മീഷന്‍ പോലീസില്‍ നിന്ന് നിരന്തരം വിവരം തേടിക്കൊണ്ടിരുന്നെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായ കേസ് അന്വേഷിക്കുന്ന ബെംഗളുരു പോലീസ് ഇതിനിടെയാണ് ബെംഗളുരുവിലെ കുഞ്ഞും ഇതേ സമയത്താണ് കാണാതായതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തായത്.
 

Latest News