റാഞ്ചി- ജാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ വനം വകുപ്പിന്റെ വാഹനമിടിച്ച് ഗ്രാമീണന് പരിക്കേറ്റതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ നാലു പോലീസുകാരെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാര്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാലു പോലീസുകാരെ മര്‍ദിച്ചത്. പലമാവിലെ സെംറി ഗ്രാമത്തിലാണ് സംഭവം. ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് വാഹനത്തില്‍ തിരിച്ചു കൊണ്ടുവരുന്ന വഴിയിലാണ് നാട്ടുകാര്‍ പോലീസ് വാഹനം തടഞ്ഞ് ആക്രമിച്ചത്. അപകടമുണ്ടാക്കിയ വനം വകുപ്പിന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാര്‍ പോലീസ് വാഹനം തടഞ്ഞതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഗ്രാമീണര്‍ വണ്ടി വളഞ്ഞ് പോലീസുകാരെ മര്‍ദിക്കുകയായിരുന്നു. ഇവര്‍ക്ക് നിരസാര പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.