കാബൂള്‍- പണവും വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാന്‍ ഇടക്കാല അഫ്ഗാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് താലിബാന്‍ റദ്ദാക്കി. ഞായറാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. റഷ്യ, ചൈന, ഇറാന്‍, ഖത്തര്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 'ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സത്യപ്രതിജ്ഞാ ചടങ്ങ് വേണ്ടെന്ന് വച്ചത്. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് തടയാനാണ് ഇസ്‌ലാമിക് എമിറേറ്റ് നേരത്തെ ആദ്യ ഘട്ട മന്ത്രിസഭയെ പ്രഖ്യാപിച്ചത്. ഈ സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്'- താലിബാന്‍ സര്‍ക്കാരില്‍ ഉന്നത പദവി വഹിക്കുന്ന ഇനാമുല്ല സമംഗാനി ട്വിറ്ററില്‍ അറിയിച്ചു.
താലിബാന്റെ സഖ്യകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചടങ്ങ് ഒഴിവാക്കിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപോര്‍ട്ട് ചെയ്തു. ചടങ്ങ് റദ്ദാക്കാന്‍ താലിബാനെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസും നാറ്റോയും ഖത്തറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.