Sorry, you need to enable JavaScript to visit this website.

ഇടുക്കിക്കാര്‍ക്ക് 30 കിലോ മീറ്റര്‍ യാത്ര  ചെയ്താല്‍ ട്രെയിനില്‍ കയറാനാവും 

തൊടുപുഴ-  റെയില്‍പാതയില്ലെന്ന ഇടുക്കി ജില്ലക്കാരുടെ വിഷമത്തിന് അവസാനമാകുന്നു. മധുര - ബോഡിനായ്ക്കന്നൂര്‍ പാതയുടെ പണികള്‍ പൂര്‍ത്തിയായാല്‍ ഇടുക്കി ശാന്തന്‍ പാറയില്‍ നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിന്‍ യാത്ര നടത്താം. പാതയുടെ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവില്‍ ഇടുക്കിക്കാര്‍ക്ക് ട്രെയിനില്‍ കയറാന്‍ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര ബോഡിനായ്ക്കന്നൂര്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തില്‍ നിലവില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് റെയില്‍വേ പാതകളില്ലാത്തത്.
മധുരയില്‍നിന്ന് തേനി വരെയുള്ള ജോലികള്‍ 80 ശതമാനവും പൂര്‍ത്തിയാക്കി. റെയില്‍വേ എഞ്ചിന്‍ രണ്ടുതവണ തേനിവരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയില്‍നിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
ശാന്തന്‍പാറയില്‍നിന്ന് ബോഡിനായ്ക്കന്നൂരെത്താന്‍ 30 കിലോമീറ്ററും തേനിയിലെത്താന്‍ 45 കിലോമീറ്ററുമാണ് ദൂരം. കമ്പംമെട്ടില്‍നിന്ന് തേനിക്ക് 53 കിലോമീറ്റര്‍ ദൂരവുമുണ്ട്. ട്രെയിന്‍ എത്തുന്നത് ജില്ലയിലെ വ്യാപാരമേഖലയ്ക്കും സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാകും.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ഇപ്പോള്‍ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെനിന്ന് ടാക്‌സികളിലോ ബസുകളിലോ ദീര്‍ഘനേരം യാത്ര ചെയ്താണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. മധുര ബോഡിനായ്ക്കന്നൂര്‍ റെയില്‍പാത വരുന്നതോടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖല ഏറെ പ്രതീക്ഷയിലാണ്.
തേക്കടി, മൂന്നാര്‍, രാമക്കല്‍മേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി എത്താന്‍ ഈ പാത സഹായകമാകും. ബോഡിനായ്ക്കന്നൂര്‍വരെ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഇടുക്കിയിലുമെത്താം. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മടങ്ങാന്‍ കഴിയും.
ഇടുക്കി ജില്ലയിലെ ടൂറിസം, വാണിജ്യ മേഖലകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ദിണ്ഡുഗല്‍ കുമളി റെയില്‍പാതയും യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ ആസൂത്രണ കമ്മീഷന്‍ അംഗീകാരം ലഭിച്ച പദ്ധതിയില്‍ ദിണ്ഡുഗല്ലില്‍നിന്നു ചെമ്പട്ടി വത്തലഗുണ്ട് പെരിയകുളം തേനി ബോഡിനായ്ക്കന്നൂര്‍ തേവാരം കമ്പംവഴി ലോവര്‍ ക്യാമ്പ് വരെയാണ് റെയില്‍പാത എത്തുക. ഈ പാത മധുര ബോഡിനായ്ക്കന്നൂര്‍ ലൈനുമായി തേനിയില്‍ ബന്ധിപ്പിച്ച് ബോഡിനായ്ക്കന്നൂരില്‍നിന്ന് തേവാരം കമ്പം വഴി ലോവര്‍ ക്യാമ്പിലെത്തിച്ചാല്‍ ഇരുസംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത് ഏറെ സഹായകമാകും.
 

Latest News