Sorry, you need to enable JavaScript to visit this website.

ഇറോട്ടിക് നോവലിസ്റ്റുമായി പ്രണയം;  സ്‌പെയിനില്‍ യുവ ബിഷപ്പ് രാജിവെച്ചു

മഡ്രിഡ്- ഇറോട്ടിക് നോവലിസ്റ്റുമായി പ്രണയത്തിലായതിന് പിന്നാലെ സ്‌പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ രാജിവെച്ചു. നോവലിസ്റ്റ് സില്‍വിയ കബാല്യോളുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യുവ ബിഷപ്പിന്റെ രാജിയെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞമാസമായിരുന്നു സേവ്യര്‍ നോവല്‍ സ്ഥാനമൊഴിഞ്ഞത്. അന്ന് തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ബിഷപ്പും കത്തോലിക്കാ സഭയും വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പ്രണയ വാര്‍ത്ത പുറത്ത് വന്നത്.
2010 ല്‍ തന്റെ നാല്‍പ്പത്തിയൊന്നാം വയസില്‍ സ്‌പെയിനിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പായി ചുമതലയേറ്റ വ്യക്തിയാണ് സേവ്യര്‍ നോവല്‍. കാറ്റലോണിയന്‍ മേഖലയായ സോള്‍സോനയിലെ ബിഷപ്പായാണ് ഇദ്ദേഹം ചുമതലയേറ്റത്.
സ്‌പെയിനിലെ കത്തോലിക്കാ സഭയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന ബിഷപ്പ്, വത്തിക്കാന്‍ അംഗീകാരത്തോടെ രാജിവെച്ചത് മേഖലയെ അത്ഭുതപ്പെടുത്തിയ വാര്‍ത്തയായിരുന്നു. വത്തിക്കാന്‍ അധികൃതരുമായും മാര്‍പ്പാപ്പയുമായും ഇദ്ദേഹം നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
'ബാധ ഒഴിപ്പിക്കല്‍' ക്രിയകള്‍ക്ക് പേരുകേട്ട ബിഷപ്പ് കാറ്റലോണിയന്‍ സ്വാതന്ത്ര്യം, സ്വവര്‍ഗരതി തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ പലപ്പോഴും വിവാദമായിരുന്നു. താന്‍ പ്രണയത്തിലായിരുന്നുവെന്നും ശരിയായ കാര്യം ചെയ്യാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നും നോവല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
പൈശാചികതയും ലൈംഗികതയും പ്രമേയമാകുന്ന നോവലുകളിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സില്‍വിയ കബാല്യോള്‍. വിവാഹ മോചിതയായ ഇവര്‍ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈക്കോളജിസ്റ്റു കൂടിയായ സില്‍വിയ സെക്‌സോളജി, യോഗ എന്നിവയും, കത്തോലിക്കാ, ഇസ്‌ലാം  വിഭാഗങ്ങളെക്കുറിച്ചും പിശാചുക്കളെക്കുറിച്ചും പഠിച്ചിട്ടുണ്ട്.
 

Latest News