ജറൂസലം- ഇസ്രായിലിനെ നാണം കെടുത്തി ജയില്‍ ചാടിയ ആറു ഫലസ്തീനികളില്‍ രണ്ടുപേരെ പിടികൂടിയതായി ഇസ്രായില്‍ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി വടക്കന്‍ ഇസ്രായിലില്‍ വെച്ചാണ് രണ്ടു പേര്‍ പിടിയിലായതെന്നു വ്യക്തമാക്കിയ പോലീസ് ഇവരുടെ പേരുകളോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയില്ല.
ഇസ്രായിലില്‍ അതീവ സുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍നിന്ന് തിങ്കളാഴ്ചയാണ് സ്പൂണ്‍ കൊണ്ട് തുരങ്കമുണ്ടാക്കി ആറ് ഫലസ്തീനികള്‍ രക്ഷപ്പെട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നാല് ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു. എല്ലാവരും അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ സ്വദേശികളാണ്.
ജയില്‍ സുരക്ഷാ വീഴ്ചയില്‍ വന്‍ വിമര്‍ശനം നേരിട്ട ഇസ്രായില്‍ ഇവരെ പിടികൂടുന്നതിന് വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു.