കന്യാ ചര്‍മ്മം അറ്റക്കുറ്റപ്പണി നടത്താം; പുതിയ ഫത്‌വയെ ചൊല്ലി ഈജിപ്തില്‍ വിവാദം

കയ്‌റോ- കൂടുതല്‍ സ്ത്രീകള്‍ക്ക് കന്യാചര്‍മ്മം അറ്റക്കുറ്റപ്പണി നടത്തി പുനര്‍സൃഷ്ടിക്കുന്നതിന് (ഹൈമനോപ്ലാസ്റ്റി) അനുവാദം നല്‍കുന്ന പുതിയൊരു ഫത്‌വയാണിപ്പോള്‍ ഈജിപ്തില്‍ ചൂടേറിയ ചര്‍ച്ച. രാജ്യത്തെ ഏറ്റവും ഉന്നത മതകാര്യ സമിതിയായ ദാറുല്‍ ഇഫ്തയിലെ ശരീഅ വകുപ്പ് ഡയറക്ടര്‍ ഡോ. അഹ്‌മദ് മംദൂഹ് ഓഗസ്റ്റ് 30നാണ് സ്ത്രീകളുടെ കന്യാചര്‍മ്മം പുനഃസൃഷ്ടിക്കുന്നതു സംബന്ധിച്ച ഇസ്‌ലാമിക വിധി പറഞ്ഞത്. ബലാത്സംഗത്തിനോ ചതിക്കോ ഇരയായ പെണ്‍കുട്ടികള്‍ക്ക് പശ്ചാതപിച്ചു മടങ്ങാനും പുതിയൊരു ജീവിതം തുടങ്ങാനും കന്യാ ചര്‍മ്മം അറ്റകുറ്റപ്പണി നടത്തുന്നത് അനുവദനീയമാണ് എന്നായിരുന്നു ഡോ. മംദൂഹിന്റെ മതവിധി.

ഫെയ്‌സ്ബുക്കില്‍ ലൈവായാണ് ഇദ്ദേഹം മതവിധി പറഞ്ഞത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. വിവാഹപൂര്‍വ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ മതവിധിയെന്ന് പലരും വിമര്‍ശിച്ചു. ഏറേയും വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

ലൈംഗിക അച്ചടക്കമില്ലാത്ത സ്ത്രീകള്‍ കന്യാചര്‍മം പുനഃസൃഷ്ടിക്കുന്നതിനെതിരെ 2015ല്‍ ഇദ്ദേഹം മതവിധി പുറപ്പെടുവിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ കന്യാചര്‍മം അറ്റകുറ്റപ്പണി നടത്തുന്നത് ശരീഅ പ്രകാരം അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ഏതൊക്കെ സാഹചര്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രസവ ചികിത്സ നടത്തുന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയാണാണ് ഡോ. മംദൂഹിന്റെ പുതിയ ഫത്‌വ.
 

Latest News