കൊല്‍ക്കത്ത- മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരിയെ തെരുവില്‍ നടപ്പാതയില്‍ ജീവിക്കുന്ന നിലയില്‍ കണ്ടെത്തി. വഴിയോര കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച് കടത്തിണ്ണകളില്‍ അന്തിയുറങ്ങി ജീവിതം തള്ളി നീക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ ഇറ ബസു. മൂന്ന് പതിറ്റാണ്ടിലേറെ കാലം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത ഇവര്‍ വൈറോളജിയില്‍ പിഎച്ഡി ബിരുദധാരി കൂടിയാണ്. ബംഗാളിക്കു പുറമെ ഇംഗ്ലീഷും അനായായം കൈകാര്യം ചെയ്യാനായറിയുന്നു ഇറ മുന്‍ സംസ്ഥാന തലെ അത്‌ലിറ്റ് കൂടിയാണ്. ടേബിള്‍ ടെന്നീസിലും ക്രിക്കറ്റിലും കഴിവ് തെളിയിച്ച കായിക താരമായിരുന്നു.
നോര്‍ത്ത് 24 പര്‍ഗാനാസിലെ പ്രിയനാഥ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലൈഫ് സയന്‍സ് അധ്യാപികയായിരുന്ന ഇറ ബസു 2009 ജൂണിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. അന്ന് ബുദ്ധദേവായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി. അന്ന് ബാരനഗറിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് ഖര്‍ദായിലെ ലിചു ബഗാനിലേക്ക് താമസം മാറി. ഇവിടെ എത്തി അധികം വൈകാതെ തന്നെ ഇവര്‍ അപ്രത്യക്ഷയായി എന്നാണ് പറയപ്പെടുന്നത്. അന്നു മുതല്‍ ഡന്‍ലോപ് എന്ന കൊല്‍ക്കത്തയില്‍ നിന്ന് അധികം ദൂരെ അല്ലാത്ത പട്ടണത്തില്‍ തെരുവിലാണ് ഇവര്‍ കഴിഞ്ഞുവരുന്നത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം രേഖകള്‍ ഒന്നും സമര്‍പ്പിക്കാതിരുന്നതിനാല്‍ അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ഇപ്പോള്‍ സ്‌കൂളിലെ പ്രധാനധ്യാപികയായ കൃഷ്‌നകാളി ചന്ദ പറയുന്നു. ഇക്കഴിഞ്ഞ അധ്യാപക ദിനത്തില്‍ ഡന്‍ലോപിലെ സന്നദ്ധ സംഘടന ഇറ ബസുവിനെ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ആ ചടങ്ങിലും അധ്യാപനത്തെ കുറിച്ചും അധ്യാപകരെ കുറിച്ചും അവര്‍ കാര്യമായി സംസാരിച്ചിരുന്നു. തനിക്ക് വിഐപി പരിഗണന വേണ്ടെന്നും സഹോദരീ ഭര്‍ത്താവ് ബുദ്ധദേവ് മുഖ്യമന്ത്രിയായി എന്നതിന്റെ പേരില്‍ ആനൂകൂല്യം പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും അതില്‍ താല്‍പര്യമില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
ഇറ ബസു തെരുവില്‍ കഴിയുന്ന ചിത്രങ്ങളും വിവരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നഗരസഭ ഒരു ആംബുലന്‍സ് വിട്ട് അവരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.