കാബൂള്‍- അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റും പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെതിരെ പൊരുതുന്ന പ്രതിരോധ സേനയുടെ നേതാവുമായ അംറുല്ല സാലിഹിന്റെ സഹോദരന്‍ റൂഹുല്ല അസീസിയെ താലിബാന്‍ വധിച്ചതായി കുടുംബം. പഞ്ച്ശീര്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് റൂഹുല്ലയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊന്നതെന്നും ഭൗതികശരീരം കുടുംബത്തിന് വിട്ടു നല്‍കിയില്ലെന്നും ബന്ധുവായ ഇബാദുല്ല സാലിഹ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പഞ്ച്ശീറിലെ പോരാട്ടത്തിനിടെയാണ് റൂഹുല്ല അസീസി കൊല്ലപ്പെട്ടതെന്ന് താലിബാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചിരുന്നു.