റിയാദ് - റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് സംസ്ഥാന മുസ്ലിം ലീഗ്. ഇരു കമ്മിറ്റികളോടും യോഗം വിളിക്കരുതെന്നും നിലവിലെ മലപ്പുറം ജില്ല കെ.എം.സി.സിയും സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പുതുതായി രൂപീകരിച്ച കമ്മിറ്റിയും പ്രവർത്തനം നിർത്തിവെക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സർക്കുലർ മുഖേന ആവശ്യപ്പെട്ടു.
റിയാദ് സെൻട്രൽ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ മെമ്പർഷിപ്പ് വിതരണം നടത്തിയതടക്കമുള്ള അച്ചടക്കലംഘനം നടത്തിയെന്ന പേരിലാണ് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സിയെ മരവിപ്പിക്കാൻ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ ഇതിന് ശേഷവും മലപ്പുറം ജില്ല കമ്മിറ്റി പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും പ്രവർത്തന മേഖലയിൽ സജീവമായി നിൽക്കുകയും ചെയ്തു. ഇക്കാര്യം സെൻട്രൽ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു.
അതിനിടെ നാഷണൽ കമ്മിറ്റിയുടെയും സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെയും തീരുമാനം വൈകിയതിനെ തുടർന്ന് ഇന്ന് വെള്ളിയാഴ്ച സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ മലപ്പുറം ജില്ല കെ.എം.സി.സി പ്രവർത്തക സമിതി രൂപീകരിക്കാൻ യോഗം വിളിച്ചുകൂട്ടിയിരുന്നു. യോഗം നടക്കാനിരിക്കെയാണ് യോഗം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും സ്വീകാര്യമായ തീരുമാനം സംസ്ഥാന കമ്മിറ്റി എടുക്കുന്നത് വരെ ഇരു കൂട്ടരും യോഗം വിളിക്കരുതെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ കത്ത് എത്തിയത്. ഇതോടെ സെൻട്രൽ കമ്മിറ്റിയുടെ യോഗം സുരക്ഷാപദ്ധതിയുടെ പേരിലേക്ക് മാറ്റി. അതേസമയം മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങൾ വെൽഫയർ കമ്മിറ്റിയുടെ പേരിൽ യോഗം ചേരുകയും ചെയ്തു. അതിനിടെ വൈകുന്നേരം നടക്കാനിരുന്ന മലപ്പുറം ജില്ല കമ്മിറ്റി സംസ്‌കൃതി യോഗവും മാറ്റിവെച്ചു.