Sorry, you need to enable JavaScript to visit this website.

ദുര്‍ഗന്ധം തടയാന്‍ എ.സി ഓണ്‍ ചെയ്തു; പ്രതികള്‍ മൃതദേഹത്തോടൊപ്പം ദിവസങ്ങള്‍ കഴിഞ്ഞു

ന്യൂദല്‍ഹി- നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ എം.എല്‍.സിയുമായ തര്‍ലോചന്‍ സിംഗ് വസീറിനെ കൊലപ്പെടുത്തിയ പ്രതികള്‍ ദിവസങ്ങളോളം മൃതദേഹത്തോടൊപ്പം കഴിഞ്ഞുവെന്ന് പോലീസ്. 67 കാരനായ മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ഫ് ളാറ്റ് വാടകക്കെടുത്തിരുന്ന ഹര്‍പ്രീത് സിംഗിനു പുറമെ രണ്ട് വ്യക്തികള്‍ കൂടി ഇവിടേക്ക് വന്നും പോയുമിരുന്ന ദൃശ്യങ്ങള്‍ സിസിടവിയില്‍നിന്ന് ദല്‍ഹി പോലീസിനു ലഭിച്ചു. ഇവരില്‍ ഹര്‍മീത്, ഹര്‍പ്രീത് എന്നിവര്‍ ബുധനാഴ്ച വരെ സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഹര്‍പ്രീതും ഹര്‍മീതും ജമ്മു സ്വദേശികളാണ്. ഹര്‍മീത് സെപ്റ്റംബര്‍ ഒന്നിന് തര്‍ലോചന്‍ സിംഗിനോടൊപ്പമാണ് ജമ്മുവില്‍നിന്ന് ദല്‍ഹിയിലെത്തിയത്. രണ്ട് പ്രതികളും ഇപ്പോള്‍ ഒളിവിലാണ്. സിസിടിവിയില്‍ കണ്ട മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പോലീസ് വ്യാഴാഴ്ച രാവിലെ ഫ് ളാറ്റില്‍ പ്രവേശിച്ചപ്പോള്‍ എ.സി ഓണ്‍ ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധം പുറത്തെത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് കരുതുന്നു. കഴിയുംവേഗം മൃതദേഹം ഫ് ളാറ്റില്‍നിന്ന് പുറത്തെത്തിക്കാന്‍ പ്രതികള്‍ ആലോചിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറും. പ്രതികളെ പിടികൂടുന്നതിന് പോലീസ് സംഘം പഞ്ചാബിലേക്ക് പോയിട്ടുണ്ട്.

 

Latest News