ചെന്നൈ- വിഖ്യാത അമേരിക്കന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ കാറുല്‍പ്പാദനം വൈകാതെ നിര്‍ത്തും. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള കാറുകളുടെ ഉല്‍പ്പാദനം ഉടന്‍ നിര്‍ത്തും. കയറ്റുമതി ചെയ്യാനുള്ള കാറുകളുടെ ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെയും നിര്‍ത്തും. ഗുജറാത്തിലെ സാനന്ദിലുള്ള വെഹിക്കിള്‍ അസംബ്ലി പ്ലാന്റും ചെന്നൈയിലെ എഞ്ചിന്റ് ആന്റ് വെഹിക്കിള്‍ അസംബ്ലി പ്ലാന്റുമാണ് അടച്ചുപൂട്ടുന്നത്. ഇതുമൂലമുണ്ടാകുന്ന ആഘാതങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാരുമായും ഡീലര്‍മാരുമായും യൂനിയനുകളുമായും വിതരണക്കാരുമായും ചര്‍ച്ച നടത്തിവരികയാണെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും എംഡിയുമായ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു. ഉല്‍പ്പാദന തുടരുന്നത് ലാഭകരമല്ലെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും കമ്പനി തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഫോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. ഫോര്‍ഡ് കാര്‍ ഉല്‍പ്പാദനം നിര്‍ത്തുന്നതോടെ ഇന്ത്യയില്‍ 4000 ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.
കമ്പനിയുടെ ഫോര്‍ഡ് ബിസിനസ് സൊലൂഷന്‍ വിഭാഗത്തിലായിരിക്കും ഇന്ത്യയില്‍ ഇനി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഇതോടൊപ്പം കയറ്റുമതി ചെയ്യാനുള്ള എഞ്ചിനുകളുടെ ഉല്‍പ്പാദനവും എന്‍ജിനീയറിങും തുടരും. സോഫ്റ്റ് വെയര്‍ ഡെവലപര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്‍ജിനീയര്‍മാര്‍, ഫിനാന്‍സ്-അക്കൗണ്ടിങ് പ്രൊഫഷനലുകള്‍ എന്നിവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഫോര്‍ഡ് ബിസിനസ് സൊലൂഷന്‍സിന്റെ പദ്ധതി. കമ്പനിയെ ആഗോള തലത്തില്‍ ആധുനികവല്‍ക്കരിക്കുന്ന ഫോര്‍ഡ് പ്ലസ് പദ്ധതിയുടെ ഭാഗമായാണ് ഈ പുനര്‍ക്രമീകരങ്ങള്‍ നടപ്പിലാക്കുന്നത്.