Sorry, you need to enable JavaScript to visit this website.

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലക്ക്  നിർത്താൻ സർക്കാരുകൾ ഇടപെടണം - നവയുഗം

ദമാം - ഏറെ കാലത്തെ വിമാനയാത്ര വിലക്ക് സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഭാഗികമായി നീക്കിയതോടെ, മടക്കയാത്ര ആരംഭിച്ച പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലക്ക് നിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ദമാം നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾ പല ഭാഗത്തു നിന്നും പല തരത്തിലുള്ള ചൂഷണമാണ് നേരിടുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. 
കാൽ ലക്ഷത്തിലേറെ രൂപയാണ് വിമാനകമ്പനികൾ കുറഞ്ഞ ടിക്കറ്റിന് പോലും ഈടാക്കുന്നത്. ട്രാവൽ ഏജൻസികളും, ഇടനിലക്കാരും അമിത ചാർജ് അടിച്ചേൽപ്പിച്ചു ചൂഷണം നടത്തുന്നു. അതിനെല്ലാം പുറമെയാണ്, വിമാനത്താവളത്തിലെ കോവിഡ് റാപ്പിഡ് പി.സി.ആർ പരിശോധനക്ക് ചുമതല നൽകിയ മെഡിക്കൽ ഏജൻസി യാത്രക്കാരിൽ നിന്നും അമിതമായ നിരക്ക് ഈടാക്കുന്നത്. യാത്രയ്ക്ക് തൊട്ടുമുമ്പുള്ള പി.സി.ആർ പരിശോധനക്ക്, കേരളത്തിലെ വിമാനത്താവളങ്ങളിൽ ആളൊന്നിന് 2500 രൂപയും, മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ 2500 മുതൽ 5000 രൂപ വരെയും ഈടാക്കുന്നുണ്ട്. രണ്ടുമക്കൾ അടങ്ങുന്ന കുടുംബത്തിന് ആകെ 10,000 രൂപയോളം ചെലവാക്കേണ്ട സ്ഥിതിയാണ്. നാട്ടിലെ കോവിഡ് ലാബുകളിൽ 1,000 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന സ്ഥാനത്താണ് എയർപോർട്ടുകളിൽ അമിത ചാർജ് ഈടാക്കി പ്രവാസികളെ പിഴിയുന്നത്.
അവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിതമായ വിമാനയാത്രവിലക്കിൽ പെട്ടു പോയവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്കുള്ള യാത്രവിലക്ക് ഒരു വർഷത്തിലേറെ നീണ്ടപ്പോൾ, കടം വാങ്ങിയും, വട്ടപ്പലിശക്ക് കാശെടുത്തുമാണ് പല പ്രവാസി കുടുംബംഗങ്ങളും ദിവസങ്ങൾ തള്ളി നീക്കിയത്. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മടങ്ങാൻ അവസരമൊരുങ്ങുമ്പോഴും, അവരുടെ മേൽ ഇത്രയധികം ബാധ്യതകൾ കെട്ടിവെക്കുന്നത് ശരിയല്ല. മടക്കയാത്രക്ക് ഒരുങ്ങുന്ന പ്രവാസികളെ ഇത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷിക്കേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഈ വിഷയത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും, ആക്ടിംഗ് സെക്രട്ടറി ദാസൻ രാഘവനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Latest News