ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവുമായ വി കെ ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991നും 1996നുമിയില്‍ ശശികല സ്വന്തമാക്കിയ പയനൂരിലെ 24 ഏക്കര്‍ വസ്തുവാണ് അനധികൃതമായി സമ്പാദിച്ച സ്വത്തായി സര്‍ക്കാര്‍ പിടിച്ചെടുത്തത്. 11 ഇടങ്ങളിലായുള്ള ഈ സ്വത്ത് ജയലളിത, ശശികല, ശശികലയുടെ അടുത്ത ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവര്‍ അനധികൃതമായി സമ്പാദിച്ചതാണെന്ന് 2014ല്‍ കര്‍ണാകട കോടതി വിധിച്ചിരുന്നു.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആദായ നികുതി വകുപ്പ് ഇവ ബെനാമി ഇടപാട് തടയല്‍ നിയമപ്രകാരം കണ്ടുകെട്ടി. ഈ സ്വത്തുകള്‍ ശശികലയ്ക്ക് തുടര്‍ന്നും ഉപയോഗിക്കാമെങ്കിലും ഇവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. വാങ്ങുന്ന സമയത്ത് 20 ലക്ഷം രൂപയായിരുന്നു ഇവയുടെ വില. ഇപ്പോള്‍ 100 കോടി രൂപയോളം വരും.