ന്യൂദൽഹി -ദേശീയ പാതകളിൽ സംഭവിക്കുന്ന റോഡപകടങ്ങൾ അധികൃതരെ അറിയിക്കാനും റോഡുകൾ സംബന്ധിച്ച പരാതികൾ പറയാനും രാജ്യത്തുടനീളം ഒറ്റ ടോൾ ഫ്രീ നമ്പർ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നു. 1033 എന്ന ടോൾ ഫ്രീ നമ്പർ ഫെബ്രുവരി ആദ്യ വാരത്തോടെ നിലവിൽ വരും. ഇതിന്റെ എല്ലാ ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്. 'അപകടങ്ങൾ സംഭവിച്ചാൽ ഉടൻ സഹായമെത്തിക്കാനും രക്ഷാപ്രവർത്തനം നടത്താനും ഇരകളെ ആശുപത്രിയിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ദേശീയ പാതകളിലുടനീളം ആംബുലൻസുകളെ വിന്യസിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ സഹായവും തേടും. ഇവ ദേശീയ പാത ഉപയോഗിക്കുന്നവർക്കു മാത്രമായിരിക്കും,' നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ദീപക് കുമാർ പറഞ്ഞു.
ഈ പുതിയ ടോൾ ഫ്രീ നമ്പർ പരസ്യപ്പെടുത്തുന്നതിനും ജനപ്രിയമാക്കുന്നതിനും വ്യാപക പ്രചാരണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത അതോറിറ്റിയുടെ സഹസ്ഥാപനമായ ഇന്ത്യൻ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനി രാജ്യത്തുടനീളമുള്ള ദേശീയ പാത ശൃംഖലയുടെ മാപ്പിങ് ഇതിനായി പൂർത്തീകരിച്ചിട്ടുണ്ട്. കോൾ സെന്ററുകളിലെത്തുന്ന ഫോൺ വിളികൾ എവിടെ നിന്നാണെന്ന് വേഗത്തിൽ തിരിച്ചറിയുന്നതിനും അതത് പ്രാദേശിക ഭാഷകളിൽ മറുപടി നൽകുന്നതിനും ഈ മാപ്പിങ് സഹായിക്കും.
അടിയന്തര സഹായങ്ങൾക്കും അല്ലാത്ത ആവശ്യങ്ങൾക്കും ദേശീയ പാത ഉപയോക്താക്കൾക്ക് ആശ്രയിക്കാവുന്ന ടോൾ ഫ്രീ നമ്പറായിരിക്കും 1030 എന്ന് ദേശീയ പാത അതോറിറ്റി വൃത്തങ്ങൾ പറയുന്നു. ഈ നമ്പർ വഴി അപകട വിവരങ്ങൾ ലഭിച്ചാലുടൻ ആ പ്രദേശത്തെ തൊട്ടടുത്തുള്ള രക്ഷാ കേന്ദ്രങ്ങളിലേക്ക് വിവരം കൈമാറും.
ഇന്ത്യയിലെ മൊത്തം റോഡ് ശൃംഖലയുടെ വെറും രണ്ടു ശതമാനം മാത്രമെ ദേശീയ പാതകൾ വരുന്നുള്ളുവെങ്കിലും റോഡപകടങ്ങളുടെ 30 ശതമാനവും മൂന്നിലൊന്ന് മരണങ്ങളും ദേശീയ പാതകളിലാണ് സംഭവിക്കുന്നത്. 2016ൽ ദേശീയ പാതകളിലുണ്ടായ അപകടങ്ങളിൽ 52,075 പേർ കൊല്ലപ്പെടുകയും 1.46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്്. അപകടത്തിൽപ്പെടുന്നവർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കിയാൽ 50 ശതമാനം മരണങ്ങളും ഒഴിവാക്കാമെന്ന് സർക്കാർ നടത്തിയ പഠനങ്ങൾ കണ്ടെത്തിയിരുന്നു.