കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ വീടിനു നേരെ ബോംബാക്രമണം. നോര്‍ത്ത് 24 പര്‍ഗാനാസ് ജല്ലിയലെ ഭട്പാറ ടൗണിലുള്ള വീടിനു നേരെ ബുധനാഴ്ച രാവിലെ ചുരുങ്ങിയത് മൂന്ന് നാടന്‍ ബോംബ് എറിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായി എം.പി വെളിപ്പെടുത്തി.
രാവിലെ 6.10 നായിരുന്നു സ്‌ഫോടനം. സിംഗ് ദല്‍ഹിയിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.
ഭബാനിപുര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി ഏല്‍പിച്ചിരിക്കെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് പേര്‍ ബൈക്കിലെത്തിയാണ് ബോംബെറിഞ്ഞത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമണത്തിനു പിന്നലെന്ന് ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു.
അതേസമയം, ബി.ജെ.പിയിലെ ഗ്രൂപ്പ് തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
തൃണമൂല്‍ വിട്ട അര്‍ജുന്‍ സിംഗ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മമതാ ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന അര്‍ജുന്‍ സിംഗ് ബര്കപൂര്‍ മണ്ഡലത്തില്‍നിന്നാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.