ന്യൂദല്‍ഹി- ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായ പങ്കുവഹിച്ച 70 പ്രമുഖരുടെ ഛായചിത്രം കഴിഞ്ഞ ദിവസം ദല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനാഛാദനം ചെയ്തു. ഇക്കൂട്ടത്തിലെ ടിപ്പു സുല്‍ത്താന്റെ ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നു. എന്നാല്‍ ബി.ജെ.പിയിലോ ആര്‍.എസ്.എസിലോ സ്വാതന്ത്ര്യ സമര പോരാളികളായ നേതാക്കളുണ്ടെങ്കില്‍ അവരുടെ പേര് നിര്‍ദേശിക്കാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഒരു പേരു പോലും അവര്‍ നല്‍കിയില്ലെന്നും ആം ആദ്മി സര്‍ക്കാര്‍ പ്രതികരിച്ചു.
സ്വാതന്ത്ര്യ സമര പോരിളകളായ ഭഗത് സിങ്, അഷ്ഫാഖുല്ല ഖാന്‍, ബിര്‍സ മുണ്ഡ, റാണി ചിന്നമ്മ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ചിത്രത്തോടൊപ്പം ടിപ്പു സുല്‍ത്താന്റെ ചിത്രവും വെച്ചതിനെ ചൊല്ലിയാണ് ബി.ജെ.പി എം.എല്‍.എമാര്‍ വിവാദമുണ്ടാക്കിയത്. ടിപ്പു സുല്‍ത്താനെ ചൊല്ലി വിവാദം നിലനില്‍ക്കന്നതിനാലാണ് എതിര്‍ക്കുന്നതെന്നും ദല്‍ഹിക്കു വേണ്ടി ഒരു സംഭാവനയും നല്‍കാത്ത ഒരാളുടെ ചിത്രം എന്തിനാണ് ദല്‍ഹി നിയമസഭയില്‍ സ്ഥാപിക്കുന്നതെന്നും ബിജെപി എം.എല്‍.എ മഞ്ജിന്ദര്‍ സിങ് സിര്‍സ ചോദിച്ചു.
നിയമസഭാ ഗാലറിയില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം വെച്ചതിനെ എതിര്‍ക്കുന്നവരോട് ഒരു കാര്യം ഓര്‍മപ്പെടുത്താനുണ്ട്. ഭരണഘടനയുടെ 144-ാം പേജില്‍ ടിപ്പുവിന്റെ ചിത്രമുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയവരും ഭരണഘടന എഴുതിയവരും രാജ്യദ്രോഹികളാണെന്നാണോ ബിജെപിയുടെ വാദം? ഈ വിലകുറഞ്ഞ രാഷ്ട്രീയം ഉപേക്ഷിക്കണം- എ.എ.പി നേതാവും ദല്‍ഹി സ്പീക്കറുമായ റാം നിവാസ് ഗോയല്‍ പറഞ്ഞു.