കണ്ണൂര്‍- ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന ടാംപന്‍ കപ്പലിനെ ആഫ്രിക്കന്‍രാജ്യമായ ഗബോണിലെ തുറമുഖത്തിനുസമീപം കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രിയോടെയാണ് അഞ്ചംഗ കൊള്ളസംഘം കപ്പലിലെത്തി വെടിയുതിര്‍ത്തത്. മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തപ്പോള്‍ രണ്ടുപേര്‍ക്കുനേരേ വെടിവെച്ചു. ഒരാളെ തട്ടിക്കൊണ്ടുപോയി. ജീവനക്കാരിലൊരാളായ കണ്ണൂര്‍ സിറ്റി സ്വദേശി ദീപക് ഉദയരാജ് കാബിനിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റൊരു മലയാളിയും മുറിയിലായിരുന്നു.
കപ്പലിന്റെ ചീഫ് ഓഫീസര്‍ വികാസ് നൗറിയാല്‍ (48), കുക്ക് സുനില്‍ ഘോഷ് (26) എന്നിവര്‍ക്കാണ് വെടിയേറ്റത്. സെക്കന്‍ഡ് എന്‍ജീനിയര്‍ പങ്കജ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബ് സ്വദേശിയായ ഇയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെടിയേറ്റവര്‍ക്ക് പിറ്റേന്ന് രാവിലെയാണ് വൈദ്യസഹായം ലഭിച്ചത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബന്‍ ഷിപ്പിങ് എന്ന ഫ്രഞ്ച് കമ്പനിയുടെതാണ് കപ്പല്‍. അവര്‍ ഇപ്പോള്‍ കമ്പനി നടത്തുന്നില്ല.
കപ്പല്‍ ഗബോണിലെ തുറമുഖത്തിനുസമീപം നങ്കൂരമിട്ടിരിക്കുകയായിരുന്നു. അര്‍ധരാത്രി എല്ലാവരും ഉറങ്ങുമ്പോഴാണ് തോക്കുമായി കൊള്ളക്കാര്‍ എത്തിയത്. ഹൈസ്പീഡ് ഫൈബര്‍ ബോട്ടില്‍ എത്തിയ കൊള്ളക്കാര്‍ കപ്പലില്‍ കയറി വെടിയുതിര്‍ത്തു. ശബ്ദവും അലര്‍ച്ചയും കേട്ട് പുറത്തുവന്ന ജീവനക്കാരില്‍ മൂന്നുപേരെ ബലംപ്രയോഗിച്ച് ബോട്ടില്‍ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എതിര്‍ത്തപ്പോഴാണ് വെടിവെച്ചത്.
കപ്പല്‍ജോലിക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് കൊള്ളക്കാരുടെ ലക്ഷ്യം. സമാനമായ ആക്രമണം മുന്‍പും ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ആശയവിനിമയത്തിനുള്ള സംവിധാനം കപ്പലില്‍ കുറവാണെങ്കിലും ഇടയ്ക്ക് വാട്‌സാപ്പ് വഴി സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന് ദീപക്കിന്റെ പിതാവ് ഉദയരാജ് പറഞ്ഞു. മറ്റ് ജീവനക്കാര്‍ ഇപ്പോള്‍ സുരക്ഷിതരാണ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കപ്പലില്‍ നിയോഗിച്ചിട്ടുണ്ട്