Sorry, you need to enable JavaScript to visit this website.

നിപയ്ക്ക് പിന്നാലെ കരിമ്പനിയും; തൃശൂരില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു

തൃശൂര്‍- നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ് രാജ്യത്ത് കരിമ്പനി കൂടുതല്‍ കണ്ടുവരുന്നത്.വളരെയധികം കരുതലോടെ കാണേണ്ട പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.
വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുക എന്നതാണ് കരിമ്പനിയുടെ ലക്ഷണങ്ങള്‍.
 

Latest News