Sorry, you need to enable JavaScript to visit this website.

സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി  മൂന്ന് കോടിയുടെ ആനുകൂല്യ വിതരണം ഇന്ന് 

സൗദി കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ 

റിയാദ്- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യഘട്ട ആനുകൂല്യ വിതരണോദ്ഘാടനം ഇന്ന് മലപ്പുറം കോട്ടക്കുന്നിലെ ഭാഷ സ്മാരക ഹാളിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിലുള്ള 2021 വർഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. മരിച്ച 50 അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള വിഹിതമടങ്ങുന്ന ചെക്ക് ഇവർ നേരത്തെ അംഗത്വമെടുത്തിരുന്ന വിവിധ സെൻട്രൽ കമ്മിറ്റികളുടെ നാട്ടിലുള്ള ഭാരവാഹികൾക്ക് കൈമാറുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ മുസ്‌ലിം ലീഗ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിതരണം പൂർത്തിയാക്കുകയും ചെയ്യും. 


ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, എം.കെ മുനീർ എം.എൽ.എ, പി.എം.എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, ഉമ്മർ പാണ്ടികശാല, ഷാഫി ചാലിയം, പി.കെ ഫിറോസ്, അഡ്വ. യു.എ ലത്തീഫ്, സി.പി സൈതലവി തുടങ്ങിയവർ പങ്കെടുക്കും. 


കോവിഡ് ബാധിച്ച് മരിച്ച പത്ത് പേരടക്കം ഇക്കൊല്ലം സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കേ മരിച്ച 50 പേരുടെ ആശ്രിതർക്കുള്ള ആനുകൂല്യ വിതരണമാണ്  കോവിഡ് പശ്ചാത്തലത്തിൽ മലപ്പുറത്ത് നടക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. ആദ്യ വർഷം അംഗങ്ങളായവർക്ക് മൂന്ന് ലക്ഷവും രണ്ട് മുതൽ ഏഴ് വർഷം വരെയായവർക്ക് ആറ് ലക്ഷവും എല്ലാ വർഷവും അംഗങ്ങളായവർക്ക് പത്ത് ലക്ഷവുമാണ് മരണാനന്തര ആനുകൂല്യങ്ങളായി വിതരണം ചെയ്യുക. പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ 125 അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളും വിതരണം ചെയ്യും.


പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലയളവിലും ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സൗദി കെ.എം.സി.സിയുടെ മേൽനോട്ടത്തിലുള്ള കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിലാണ് സുരക്ഷാ പദ്ധതിയുടെ വിജയകരമായ എട്ട് വർഷത്തെ പ്രയാണം. എട്ട് വർഷത്തിനിടയിൽ ഈ പദ്ധതിയിൽ അംഗങ്ങളായ 357 പേരാണ് വിട പറഞ്ഞത്. 1,139 പേർക്ക് ഇതിനകം ചികിത്സാ സഹായവും നൽകി. ഇക്കൊല്ലം പൂർത്തിയാകുമ്പോൾ മുപ്പതോളം കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് ട്രസ്റ്റ് വഴി ഇക്കാലയളവിൽ നൽകിയത്. 


സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്തു കഴിയുന്ന ഏറ്റവും ദുർബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി തങ്ങളുടെ കുടുംബത്തിന് ആശ്രയമാകുന്ന വിധം പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയിയാണ് സൗദി നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള കെ.എം.സി.സി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി. പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരിൽ രജിസ്‌ട്രേഡ് ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും  56,000 ത്തോളം അംഗങ്ങളാണ് പദ്ധതിയിൽ ഇക്കൊല്ലം ചേർന്നത്. 
അടുത്ത 2022 വർഷത്തെ സുരക്ഷാ പദ്ധതിയുടെ  അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ  ഒക്ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ 15 ന് അവസാനിക്കും. പദ്ധതിയിൽ ഭാഗവാക്കാവുന്നതിന് താൽപര്യമുള്ള പ്രവാസികൾ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

www.mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗത്വം പുതുക്കുവാൻ സാധിക്കും.
കോവിഡ് മൂലം ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ പ്രവാസ ലോകത്തും നാട്ടിലും  കാരുണ്യക്കടൽ തീർത്ത സൗദി കെ.എം.സി.സി സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകി വരുന്നത്. ഇക്കാലയളവിൽ സൗദി കെ.എം.സി.സിയുടെ കീഴിലുള്ള 38 സെൻട്രൽ കമ്മിറ്റികളും മറ്റു കീഴ്ഘടകങ്ങളും നടത്തിയ  റിലീഫ് പ്രവർത്തനങ്ങൾ അവർണനീയമാണെന്നും അവർ പറഞ്ഞു. ഓൺലൈൻ വാർത്താസമ്മേളനത്തിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ചെയർമാൻ എ.പി ഇബ്രാഹിം മുഹമ്മദ്, വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷാപദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, സുരക്ഷാ പദ്ധതി കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.

 

Latest News