കര്‍ണല്‍- ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശക്തികേന്ദ്രമായ കര്‍ണലില്‍ ജില്ലാ ഭരണകൂടത്തിന്റെ നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ മഹാപഞ്ചായത്തിനായി ഒത്തുചേര്‍ന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി കര്‍ഷകരാണ് സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ണലിലെ അനാജ് മണ്ഡിയില്‍ എത്തിച്ചേര്‍ന്നത്. ജില്ലയിലെ മിനി സെക്രട്ടറിയേറ്റ് വളയാനാണ് കര്‍ഷകരുടെ ആഹ്വാനം. പലയിടത്തും കര്‍ഷകരെ പോലീസ് വഴിതടയാന്‍ ശ്രമിച്ചു. ലാത്തി ചാര്‍ജും ജലപീരങ്കി പ്രയോഗവും നടന്നു. ഇന്റര്‍നെറ്റും എസ്എംഎസ് സര്‍വീസും നിര്‍ത്തി സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും വന്‍തോതില്‍ കര്‍ഷകര്‍ ഇവിടേക്ക് ഒഴുകിയെത്തിയത് സര്‍ക്കാരിനെ അങ്കലാപ്പിലാക്കി. അവസാന നിമിഷം കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായെങ്കിലും ചര്‍ച്ച പൊളിഞ്ഞു.
ഓഗസ്റ്റ് 28ന് കര്‍ണലിലെ ബസ്താര ടോള്‍ പ്ലാസയില്‍ കര്‍ഷകര്‍ക്കു നേരെ ഉണ്ടായ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് സുശീല്‍ കാജല്‍ എന്ന കര്‍ഷകന്‍ മരിച്ചിരുന്നു. ലാത്തിചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാജലിന്റെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നും കേസുകള്‍ പിന്‍വലിക്കണമെന്നുമായിരുന്നു കര്‍ഷകരുടെ ആവശ്യം.
സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ രാകേഷ് ടികായത്ത്, യോഗേന്ദ്ര യാദവ്, ഗുര്‍നാം സിങ് ഛാദുനി, ബല്‍ബീര്‍ സിങ് രാജെവാള്‍, ദര്‍ശന്‍ പാല്‍ എന്നിവരടങ്ങുന്ന 11 അംഗ സംഘമാണ് കര്‍ണല്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകള്‍ വിജയം കാണാത്തതിനെ തുടര്‍ന്ന് കര്‍ഷകരുടെ മാര്‍ച്ച് തുടരുകയായിരുന്നു. കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കില്ലെന്നും എന്നാല്‍ മിനി സെക്രട്ടറിയേറ്റ് ഘരാവോ ചെയ്യുന്നതിനായി മുന്നോട്ടു മാര്‍ച്ച് ചെയ്യുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
#WATCH | Following Kisan Mahapanchayat at Anaj Mandi, protesting farmers now head to Mini Secretariat in Karnal, Haryana. pic.twitter.com/6CQaKSQ7hZ
— ANI (@ANI) September 7, 2021