Sorry, you need to enable JavaScript to visit this website.

ഉസ്‌ബെക്കിസ്ഥാനില്‍ സ്‌കൂളുകളില്‍ ഇനി കുട്ടികള്‍ക്ക് തൊപ്പിയും തട്ടവും ധരിക്കാം; വിലക്ക് നീക്കി

താഷ്‌കന്റ്- ഉസ്‌ബെക്കിസ്ഥാനില്‍ ഇനി മുതല്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് തട്ടമിടാം. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ശിരോവസ്ത്ര വിലക്ക് സര്‍ക്കാര്‍ നീക്കി. മതചിട്ടയുള്ള മുസ്‌ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിലക്ക് നീക്കിയത്. ഉസ്ബക്കിസ്ഥാന്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും രാജ്യത്തെ ഏകാധിപത്യ ഭരണകൂടം മതനിരപേക്ഷതയാണ് കര്‍ശനമായി പിന്തുടരുന്നത്. സോവിയറ്റ് യൂനിയനില്‍ നിന്ന് സ്വതന്ത്രമായി മൂന്ന് പതിറ്റാണ്ടു പിന്നിട്ടെങ്കിലും ഇസ്‌ലാമിക ആചാരങ്ങള്‍ക്കും വിശ്വാസികള്‍ക്കുമേലും കടുത്ത നിയന്ത്രണങ്ങളുണ്ട്.

ഇളം നിറമോ വെള്ള നിറമോ ഉള്ള തട്ടവും തൊപ്പിയും സ്‌കൂളുകളില്‍ ധരിക്കുന്നത് അനുവദിക്കുമെന്നും നിരവധി രക്ഷിതാക്കളുടെ അപേക്ഷ മാനിച്ചാണ് വിലക്ക് നീക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ഷെര്‍സോദ് ഷെര്‍മതോവ് പറഞ്ഞിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മതേതര വിദ്യാഭ്യാസ ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്ര വിലക്ക് നീക്കിയതിനു പുറമെ സ്‌കൂളുകളില്‍ ധരിക്കേണ്ട ശിരോവസ്ത്ര മാതൃകയും സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്.

ദീര്‍ഘകാലം ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന ഇസ്ലാം കരിമോവ് 2016ല്‍ അന്തരിച്ച ശേഷം അധികാരത്തിലേറിയ പ്രസിഡന്റ് ശവ്കത് മിര്‍സിയൊയേവ് രാജ്യത്ത് ഇസ്ലാമിനുമേലുണ്ടായിരുന്നു ചില നിയന്ത്രങ്ങള്‍ എടുത്തമാറ്റിയിട്ടുണ്ട്. 

പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇത് മാസങ്ങള്‍ക്ക് മുമ്പാണ് പുനസ്ഥാപിച്ചത്. അതേസമയം സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ ഇപ്പോഴും ശിരോവസ്ത്ര വിലക്കുണ്ട്. പള്ളികളില്‍ കുട്ടികളെ കൊണ്ടു പോകുന്നതിന് വിലക്കുണ്ടായിരുന്നു. ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാനും പാടില്ലായിരുന്നു. ഇസ്ലാം കരിമോവിന്റെ മരണ ശേഷം ഈ വിലക്കുകളും മാറ്റിയിരുന്നു.

Latest News