Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡ് നിയമസഭയില്‍ നമസ്‌ക്കാര മുറി അനുവദിച്ചതിനെതിരെ ബിജെപി ബഹളം

റാഞ്ചി- നിയമസഭാ മന്ദിരത്തില്‍ നമസ്‌ക്കാര മുറി അനുവദിച്ചതിനെതിരെ ജാര്‍ഖണ്ഡ് നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ ജയ് ശ്രീറാം മുഴക്കിയും ഹനുമാന്‍ ചാലിസ ഉരുവിട്ടും ബഹളംവച്ച് സഭ അലങ്കോലമാക്കി. ചൊവ്വാഴ്ച സഭ ചേര്‍ന്നയുടന്‍ നടുത്തളത്തിലിറങ്ങി ബിജെപി അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരേയും പ്രതിപക്ഷം പ്രതിഷേധിച്ചു. സഭ തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ രബീന്ദ്ര നാഥ് മാതോ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബിജെപി അംഗങ്ങള്‍ അടങ്ങിയില്ല. ചോദ്യോത്തര വേളയിലും ബിജെപി ബഹളം തുടര്‍ന്നതോടെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

'സഭയെ അപമാനിക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ രോഷാകുലരാണെങ്കില്‍ എന്നെ അടിച്ചോളൂ, സഭ തടസ്സപ്പെടുത്തരുത്' എന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവികൊണ്ടില്ല. ഹനുമാന്‍ ചാലിസയെ മാനിക്കണമെന്ന് സ്പീക്കര്‍ ബിജെപി എംഎല്‍എ ഭാനു പ്രതാപ് ഷാഹിയോട് പറഞ്ഞു. സഭ തുടങ്ങുന്നതിനു മുമ്പ് ബിജെപി എംഎല്‍എമാര്‍ സഭാ കവാടത്തിലെ പടികളിലിരുന്ന് ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ചിരുന്നു. നിയമസഭാ മന്ദിരത്തില്‍ നമസ്‌ക്കാര മുറി അനുവദിച്ചതിനെ ചൊല്ലി തിങ്കളാഴ്ചയും സഭയില്‍ ബിജെപി ബഹളമുണ്ടാക്കിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയമസഭാ മന്ദിരത്തില്‍ ഹനുമാന്‍ ക്ഷേത്രവും മറ്റു മതസ്ഥരുടെ ആരധനാലയങ്ങളും നിര്‍മിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
 

Latest News